മുരിങ്ങക്കോൽ @20

400 ൽ നിന്ന് 20 ലേക്ക്

കോലഞ്ചേരി: വിലയിൽ വമ്പനായി പച്ചക്കറികളിൽ സ്റ്റാറായി നിന്ന മുരിങ്ങക്കോലിന്റെ കാര്യം അമ്പേ കഷ്ടത്തിലായി. കോറോണയുടെ വരവും വില്പനയിൽ ഇടിവും വന്നതോടെ മൂന്നാഴ്ച മുമ്പു വരെ 400 നു മുകളിൽ നിന്ന് വില ഒറ്റയടിക്ക് ഇടിഞ്ഞ് കിലോ 20ലെത്തി. ഒന്നര കിലോ 50 രൂപയായി വില്പന പൊടി പൊടിക്കുകയാണ്. സാമ്പാറിലും അവിയലിലും സ്റ്റാറായി നിന്ന മുരിങ്ങകോൽ വില കൂടിയതോടെ ഹോട്ടലുകളുടെ പടിക്കു പുറത്തായിരുന്നു. ഇന്നലെ മുതൽ വിലയുടെ പ്രതാപം നഷ്ടമായെങ്കിലും വില്പനയിൽ ഒന്നാമതായി. ജീവകം സി യുടെ കലവറയായ മുരിങ്ങാക്കോൽ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നാണ് ആയുർവേദം പറയുന്നത്.

വ്രതാനുഷ്ഠാനങ്ങളോടെ ശബരി മല സീസണയാതോടെയാണ് മുരിങ്ങാക്കോലിന് വില കുത്തനെ കൂടിയത്. സംസ്ഥാനത്ത് സീസണല്ലാതായതും, അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തേണ്ടതിന് ഉണ്ടായ വിലക്കയറ്റവും വിപണിയെ ബാധിച്ചതോടെയാണ് വില നാനൂറ് കടന്നത്. തമിഴ്നാട്ടിലാണ് മുരിങ്ങാക്കോൽ കൂടുതലായും ഉണ്ടാകുന്നത്. എന്നാൽ ശബരി മല വ്രതം തുടങ്ങിയതോടെ സസ്യാഹാരികളായ നാട്ടുകാർ കൂടുതൽ ആശ്രയിച്ചതോടെ വില കുത്തനെ കൂടി. ഇവിടെ മുരിങ്ങയുടെ വിളവെടുപ്പ് തുടങ്ങിയതോടെ വില ഗണ്യമായി കുറയുകയായിരുന്നു