കിഴക്കമ്പലം: കടുത്ത ചൂടിനെ തുടർന്ന് സാംക്രമീക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വഴിയോരങ്ങളിലെ ശീതള പാനീയ വില്പന നിർത്തി വയ്ക്കണമെന്ന് മലയിടം തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. കരിമ്പ് ജ്യൂസ്, കുലുക്കി സർബത്ത്, തണ്ണിമത്തൻ, പൊട്ടുവെള്ളരി തുടങ്ങി ഒരു വില്പനയും ‌അനുവദിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. ഇതു സംബന്ധിച്ച് ഫെബ്രുവരി 25 ന് 'കേരള കൗമുദി ' റിപ്പോർട്ട് ചെയ്ത വാർത്തയെ തുടർന്നാണ് നടപടി.തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഇല്ലാതെ തോന്നും വിധമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിച്ചു വന്നത്. ഗുണനിലവാര നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള ഭക്ഷണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇവിടെ ഉപയോഗിക്കുന്നതിൽ പലരും ഭക്ഷ്യ യോഗ്യമായ ഐസല്ല ഉപയോഗിക്കുന്നത് . വ്യവസായീകമായി ഉണ്ടാക്കുന്ന ഐസുകൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ശുചിത്വമില്ലാത്ത പരിസരങ്ങളിലാണ് ഇത്തരം ശീതള പാനീയങ്ങളുടെ ഉത്പാദനം നടക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി നിയന്ത്റിക്കാതെ വന്നാൽ ഗ്രാമീണ മേഖലകൾ പകർച്ച വ്യാധി ഭീഷണിയിലേയ്‌ക്കെത്തുമെന്ന് വന്നതോടെയാണ് വില്പന നിർത്തിക്കാൻ ആരോഗ്യ വിഭാഗം മുന്നിട്ടിറങ്ങിയത്.