കൊച്ചി: ശനിയാഴ്ച നിന്ന് തിരിയാൻ ഇടമില്ലാത്ത എറണാകുളം മാർക്കറ്റിൽ ഇന്നലെ അക്ഷരാർത്ഥത്തിൽ പന്തുകളിക്കാം. കൊറോണപ്പേടിയിൽ മാർക്കറ്റിലും ആളൊഴിഞ്ഞു. കച്ചവടം മോശമായതോടെ പച്ചക്കറി വരവും കുറഞ്ഞു.
സാധാരണ 25 ലോഡ് പച്ചക്കറി എത്തുന്ന സ്ഥാനത്ത് ഇന്നലെ വന്നത് 17.
ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞതും മൊത്തവിപണിയെ പ്രതികൂലമായി ബാധിച്ചു. കേറ്ററിംഗ് ബിസനസ് ഇല്ലാതായി. ചില്ലറ കച്ചവടത്തിലും 40 ശതമാനം കുറവുണ്ടായി.
എൻ.എച്ച്. ഷമീദ്, ജനറൽ സെക്രട്ടറി
എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ
# എട്ടുനിലയിൽ പൊട്ടി മുട്ട വിപണി
ദിവസവും 300 മുതൽ 600 വരെ മുട്ടകൾ വാങ്ങിയിരുന്ന ഹോട്ടലുകാർ കച്ചവടം മോശമായതോടെ 100 എണ്ണത്തിലേക്ക് ചുരുക്കി.
പക്ഷിപ്പനി ഭയന്ന് പൊതുവേ മുട്ട വാങ്ങൽ കുറഞ്ഞു.ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് മുട്ടവിപണിയെ ബാധിച്ചു. ഈയാഴ്ച കച്ചവടം തീരെ മോശമായിരുന്നുവെന്ന് എറണാകുളം മാർക്കറ്റിലെ മുട്ടവ്യാപാരിയായ ക്ളീറ്റസ് പറഞ്ഞു.
# ഓറഞ്ചിന് സുവർണ കാലം
വിറ്റാമിൻ സി സുലഭമായ ഫലവർഗങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ ഓറഞ്ചിന് തുണയായി. കഴിഞ്ഞ ദിവസങ്ങളിൽ ഓറഞ്ചിന് ഡിമാന്റ് വർദ്ധിച്ചു. തൊട്ടു പിന്നിൽ തണ്ണിമത്തനുണ്ട്. ഫ്രൂട്ട്‌സ് വിപണിയുടെ കൊയ്ത്തു കാലമാണ് വേനൽ. എന്നാൽ കൊറോണ പഴവിപണിയെയും തകർത്തു. ശരാശരി 30 ടൺ പഴവർഗങ്ങൾ വിറ്റഴിഞ്ഞ സ്ഥാനത്ത് 10 ടൺ പോലും വില്പന നടക്കുന്നില്ല.
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പഴവർഗങ്ങൾ അയക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മൊത്ത വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്ന് കേരള ഫ്രൂട്ട്‌സ് അസോസിയേഷൻ കമ്മിറ്റി മെമ്പറും കെ.കെ.എം ഫ്രൂട്ട്സ് സ്റ്റാൾ ഉടമയുമായ അഷ്‌റഫ് പറഞ്ഞു.
# ഹോംസ്റ്റേകൾ അടയ്ക്കുന്നു
ലോകത്തിന്റെ ചെറുപതിപ്പാണ് ഫോർട്ടുകൊച്ചി. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രം. എന്നാൽ ബീച്ചും മട്ടാഞ്ചേരി ജൂതത്തെരുവുമെല്ലാം ഇപ്പോൾ വിജനമാണ്. വിദേശ സഞ്ചാരികളുമായി എത്തേണ്ടിയിരുന്ന മൂന്ന് ആഡംബര കപ്പലുകൾ യാത്ര റദ്ദാക്കിയത് ടൂറിസം മേഖലയ്ക്ക് കനത്ത പ്രഹരമായി.
ഫോർട്ടുകൊച്ചിയിൽ 500 ഓളം ഹോംസ്റ്റേകളുണ്ട്.. ഡിസംബർ മുതൽ മാർച്ച് വരെയാണ് സീസൺ. ഇപ്പോൾ ഫോർട്ടുകൊച്ചിയിൽ 20 ശതമാനത്തിൽ പോലും ആളില്ലെന്ന് ആരോൺ ഹോംസ്റ്റേ ഉടമ ജോൺസൺ ക്ളീറ്റസ് പറഞ്ഞു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വാസ്കോഡിഗാമ ചർച്ച്, സാന്റാക്രൂസ് ബസിലിക്ക, സിനഗോഗ്, മ്യൂസിയം എന്നിവയെല്ലാം അടച്ചിട്ടതിനാൽ ടൂറിസ്റ്റുകൾ ബീച്ചിലാണ് അധിക സമയം ചെലവഴിക്കുന്നത്. .