മുനമ്പം-അഴീക്കോട് ഫെറി: കുറ്റിസ്ഥാപിക്കൽ തുടങ്ങി
വൈപ്പിൻ: ഒന്നരവർഷമായി മുടങ്ങിക്കിടക്കുന്ന മുനമ്പം-അഴീക്കോട് ഫെറിയിലെ ജങ്കാർ സർവ്വീസ് പുനരാരംഭിക്കുന്നതിനായി ജങ്കാർ കെട്ടിയിടുന്ന കുറ്റികൾ സ്ഥാപിക്കുന്നതിന്റെ ജോലികൾ തുടങ്ങി. ഇത് സ്ഥാപിക്കണമെങ്കിൽ ആദ്യം നിലവിലെ ഉപയോഗശൂന്യമായ കുറ്റികൾ നീക്കം ചെയ്യണം അതാണിപ്പോൾ തുടങ്ങിയത്.തുറമുഖ എൻജിനീയറിംഗ് വകുപ്പാണ് ഈ ജോലി നിർവഹിക്കുന്നത്. ജങ്കാർ സർവ്വീസിന്റെ ചുമതലയുള്ള തൃശൂർ ജില്ലാ പഞ്ചായത്ത് 46 ലക്ഷം രൂപ തുറമുഖ വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ട്.
ജങ്കാർ കെട്ടുന്ന ജെട്ടിയിലെ കോൺക്രീറ്റ് നിറച്ച ഇരുമ്പ് തൂണുകൾ ചരിഞ്ഞുപോയതിനാൽ ഒന്നരവർഷമായി ജങ്കാർ സർവീസ് നിലച്ചിരുന്നു.
ജങ്കാറിന് അറ്റകുറ്റപ്പണികൾ മൂലവും സർവീസ് മുടങ്ങി
ഒന്നരക്കോടി രൂപ ചെലവഴിച്ച് ജങ്കാർ അറ്റകുറ്റപ്പണി ചെയ്ത് സർവീസിനിറക്കി 6 മാസം കഴിഞ്ഞപ്പോഴാണ് കുറ്റികളുടെ തകരാറുമൂലം സർവീസ് മുടങ്ങിയത്. ഒന്നരക്കോടി ചെലവാക്കിയിട്ടും സർവീസ് മുടങ്ങിയത്. അഴീക്കോട് ഭാഗത്ത് മൂന്ന് കുറ്റികളും മുനമ്പത്ത് ഒരെണ്ണവുമാണ് സ്ഥാപിക്കേണ്ടത്.
ഒന്നരക്കോടി ചെലവാക്കിയിട്ടും സർവീസ് നടക്കാത്തിനെച്ചൊല്ലി തൃശൂർ ജില്ലാ പഞ്ചായത്തിനെതിരെ ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് യാത്രക്കാർക്ക് പോകുന്നതിനായി ഇവിടെ ബോട്ട് സർവീസ് തുടങ്ങി. അപകടം നിറഞ്ഞ അഴിമുഖത്തു കൂടി സുരക്ഷ കുറഞ്ഞ ബോട്ട് ഓടിക്കുന്നതിനെതിരെയും ആക്ഷേപമുണ്ടായി. പ്രധാന മത്സ്യ മേഖലയായ മുനമ്പത്തു നിന്ന് മത്സ്യവണ്ടികൾക്ക് വടക്കോട്ട് പോകുന്നതിന് മാല്യങ്കര-മൂത്തകുന്നം വഴി ചുറ്റിത്തിരിയേണ്ടി വന്നു.