വൈപ്പിൻ: മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വലിയ വിളക്ക് മഹോത്സവം ക്ഷേത്രം ചടങ്ങുകളിൽ മാത്രം ഒതുക്കിയതായി സെക്രട്ടറി പി.എസ്. ഷൈൻ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള ആചാര അനുഷ്ഠാനങ്ങളും പൂജകളും മുൻനിശ്ചയിച്ചത് പോലെ നടക്കും. 23 ന് വൈകുന്നേരം 6.30ന് ദീപാരാധനക്ക് ശേഷം അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാട്, മേൽശാന്തി മണികണ്ഠൻ ചെമ്പങ്ങാട്ട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. ഏഴു ദിവസം നീണ്ട് നിൽക്കുന്ന മഹോത്സവം 30ന് രാവിലെ 10ന് ആറാട്ടോടും കലശാഭിഷേകത്തോടും കൂടി സമാപിക്കും. കലാപരിപാടികൾ പൂർണ്ണമായും ഒഴിവാക്കി. കൂടാതെ പ്രസാദ ഊട്ട്, ആനയെ ഉപയോഗിച്ചുള്ള കാഴ്ചശീവേലി, പള്ളിവേട്ടക്കും, ആറാട്ടിനുമായി പുറത്തേക്ക് എഴുന്നള്ളത്ത് നടക്കുമ്പോഴുള്ള ദേശപ്പറ എന്നിവ ഒഴിവാക്കി.
ചെറായി എലിഞ്ഞാംകുളം ബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഈ മാസം 24 മുതൽ 28 വരെ നടത്താനിരുന്ന ഉത്സവാഘോഷങ്ങൾ പരിമിതപ്പെടുത്തി. കലാപരിപാടികൾ, ആനയെഴുന്നള്ളിപ്പ്, പ്രസാദ ഊട്ട് മുതലായവ ഒഴിവാക്കി. പൂജാദികാര്യങ്ങൾ മാത്രമാക്കിയാവും ഉത്സവം നടത്തുകയെന്ന് സെക്രട്ടറി കെ.എൽ. ശ്രീജിത്ത് അറിയിച്ചു.