കോലഞ്ചേരി: പട്ടിമ​റ്റത്തിനടുത്ത് ചേലക്കുളം കാവുങ്ങൽ പറമ്പിൽ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി പതിനൊന്നു വയസുകാരനെ അന്യസംസ്ഥാന തൊഴിലാളി തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസിനായിട്ടില്ല. ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ മാത്രമാണ് പ്രതിയെ അറസ്റ്റു ചെയ്യാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. ഡിസ്ചാർജ് ചെയ്യാൻ ഒരാഴ്ചയോളമെടുക്കാമെന്നാണ് അനൗദ്യോഗിക വിശദീകരണം. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇയാളുടെ അക്രമത്തിൽ പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഇപ്പോഴും അപകട നില തരണം ചെയ്യാതെ ചികിത്സയിലാണ്. പ്രതി മനരോഗിയാണെന്ന സംശയം നേരത്തെയുണ്ടായിരുന്നു. എന്നാൽ ചേലക്കുളത്തു തന്നെയുള്ള ഹോളോ ബ്രിക് യൂണിറ്റിൽ കുട്ടിയെ അക്രമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജോലി അന്വേഷിച്ച് ഒരു സുഹൃത്തിനൊപ്പം എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാളുടെ സുഹൃത്തിനെ സ്ഥാപന ഉടമ പറഞ്ഞു വിട്ടതായും സൂചനയുണ്ട്. ലഹരി മരുന്നുകൾക്ക് അടിമയാണിയാൾ എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. വീട്ടിൽ നിന്നും പുലർച്ചെ മത പഠനത്തിനു പോകാനായി തയ്യാറുകുന്നതിനിടെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ 10 ന് ചേലക്കുളത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി മരക്കമ്പു കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്.