ആലുവ: ഭർത്താവായി സുശീലനെ മതിയെന്നും, സുലൈമാനെ വേണ്ടെന്നും മതം മാറ്റൽ ഭീഷണി നേരിടുന്ന യുവതി. സരസ്വതി ദേവിയെയും അയ്യപ്പ സ്വാമിയെയും ശ്രീനാരായണ ഗുരുദേവനെയും ആരാധിക്കുന്ന അച്ഛനെയാണ് വേണ്ടതെന്ന് കുട്ടികളും പറയുന്നു.
'കേരളകൗമുദി'യിലൂടെ സംഭവമറിഞ്ഞ് വീട്ടിലെത്തിയ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയോടും എസ്.എൻ.ഡി.പി യോഗം നേതാക്കളോടുമാണ് ചാലയ്ക്കൽ പാലത്തിങ്കൽ വീട്ടിൽ സുശീലന്റെ ഭാര്യ റൈനയും മൂന്നു പെൺമക്കളും തങ്ങളുടെ സങ്കടങ്ങൾ കരഞ്ഞ് പറഞ്ഞത്.
ജന്മം നൽകിയ മാതാപിതാക്കളെയും അവരിലൂടെ പകർന്നു കിട്ടിയ വിശ്വാസത്തെയും തള്ളിക്കളയില്ല. ഗുരുദേവ കൃതികൾ പഠിച്ചും ചൊല്ലിയുമാണ് വളർന്നത്. അതിനാൽ ഒരു മതത്തോടും എതിർപ്പില്ല. സ്വന്തം മതത്തെ തള്ളിപ്പറയില്ല. ഹിന്ദു മത വിശ്വാസിയായ ഞാനും മക്കളും ജീവിതാവസാനം വരെ അങ്ങനെതന്നെ തുടരും. ഇക്കാര്യത്തിൽ ജീവൻ പോയാലും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും റൈന പറഞ്ഞു.
17 വർഷം മുമ്പ് ഹൈന്ദവ ആചാരപ്രകാരമായിരുന്നു സുശീലനുമായുള്ള വിവാഹം. വിവാഹ ശേഷം സൗദിയിലേക്ക് പോയ സുശീലൻ ഇക്കുറി ഉൾപ്പെടെ നാല് തവണ മാത്രമാണ് നാട്ടിലെത്തിയത്. ഇതിനിടയിൽ മൂന്ന് പെൺമക്കൾക്കും ജന്മം നൽകി. മൂന്നാമത്തെ കുട്ടി മൂന്ന് മാസം ഗർഭിണിയായിരിക്കെ അവധി കവിഞ്ഞ് സൗദിയിലേക്ക് പോയ സുശീലൻ കുട്ടിക്ക് അഞ്ച് വയസുള്ളപ്പോഴാണ് കഴിഞ്ഞ മൂന്നിന് തിരിച്ചെത്തിയത്. ഇതുവരെ കുട്ടിയുടെ മുഖം കാണുക പോലും ചെയ്തിട്ടില്ല.
നാട്ടിലെത്തുന്നതിനും ഒരു വർഷം മുമ്പാണ് മതം മാറണമെന്ന് സുശീലൻ റൈനയോട് ആദ്യം പറഞ്ഞത്. സമ്മതമല്ലെന്നറിയിച്ചിട്ടും ഇടക്കിടെ ഇതാവർത്തിക്കും. ജോലി സ്ഥലത്തെ താമസക്കാർക്കൊപ്പം എന്തോ കേസിൽപ്പെട്ടെന്നും ചില മുസ്ലീം സുഹൃത്തുക്കളാണ് സഹായിച്ചതെന്നും അതിനാലാണ് മതം മാറുന്നതെന്നുമാണ് സുശീലൻ പറഞ്ഞത്.
എന്തൊക്കെ പറഞ്ഞാലും മതം മാറുകയില്ലെന്നും ഹൈന്ദവ വിശ്വാസം അനുസരിച്ച് ജീവിക്കുമെന്നുമായിരുന്നു അപ്പോഴെല്ലാം റൈനയുടെ നിലപാട്. മാതാവിന് ക്യാൻസർ രോഗം ബാധിച്ചതിന്റെ പേരിലാണ് ഇക്കുറി സുശീലൻ നാട്ടിലെത്തിയത്. ആദ്യ ദിവസം തന്നെ മതം മാറണമെന്ന ആവശ്യം നിരാകരിച്ചതിന്റെ പേരിൽ താലി മാല പൊട്ടിക്കാനും ശ്രമിച്ചു. ജീവിക്കുകയാണെങ്കിൽ ഞാനും മക്കളും ഹിന്ദുവായി തന്നെ ജീവിക്കുമെന്ന് പറഞ്ഞാണ് റൈന സംസാരം അവസാനിപ്പിച്ചത്. കൊച്ചി മെട്രോയിൽ താത്കാലിക ജീവനക്കാരിയാണ് റൈന.