ആലുവ: കടുത്ത വേനലിൽ വെന്തുരുകുന്ന വഴിയാത്രക്കാർക്ക് കുടിവെള്ളം. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചെന്താര വീട്ടിൽ നവാസാണ് വീട്ടിൽ നിന്നും റോഡിലൂടെ പോകുന്നവർക്കായി കുടിവെള്ള പൈപ്പ് സ്വന്തം ചെലവിൽ സ്ഥാപിച്ചത്. വീട്ടിലേക്ക് എടുത്തിട്ടുള്ള വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷനിൽ നിന്നും ഒരു വാൽവ് റോഡിന് അഭിമുഖമായി സ്ഥാപിക്കുകയായിരുന്നു. ടാപ്പിനോട് ചേർന്ന് കുടിവെള്ളം എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ചങ്ങലയിൽ കോർത്ത് സ്റ്റീൽ ഗ്ളാസും തൂക്കിയിട്ടുണ്ട്.