lab
കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബ്


# ജീവനക്കാരില്ലാതെ റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി


# 16,622 കേസുകളിലായി 51,122 സാമ്പിൾ കെട്ടിക്കിടക്കുന്നു


# 1989 ൽ ലാബിന്റെ പ്രവർത്തനം ആരംഭിച്ചത്.

തൃക്കാക്കര : പരിമിതികൾക്കിടയിൽ കിതയ്ക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ കാക്കനാടുളള റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബ്. 16,622 കേസുകളിലായി 51,122 സാമ്പിളുകൾ രാസപരിശോധന ഫലം കാത്ത് കിടക്കുന്നതായി വിവരാവകാശ പ്രവർത്തന രാജു വാഴക്കാലക്ക് ലഭിച്ച രേഖയിൽ പറയുന്നു. 2020 ഫെബ്രുവരി 10 വരെയുള്ള കണക്കാണിത്.

കോഴിക്കോട് ,തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളിലായി സംസ്ഥാനത്ത് മൂന്ന് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയാണുളളത്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുളള കേസുകളിലെ രാസപരിശോധന നടത്തേണ്ടത് കാക്കനാട്ടെ ലാബിലാണ്.1989ൽ ലാബ് സ്ഥാപിച്ച ശേഷം ഇവിടെ സ്റ്റാഫ് പാറ്റേൺകാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. തുടക്കത്തിൽ അനുവദിച്ച 58 തസ്തികകളിൽ നാല് തസ്തികകളിൽ മാത്രമാണ് നിയമനം നടത്തിയിട്ടുള്ളത്. ഇതിൽ തന്നെ നാലെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
നിലവിൽ സയന്റിഫിക് ഓഫീസർ തസ്തികകളിൽ 10 പേരും,ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ആറുപേരുമാണുളളത്.

കേസുകൾ കുമിയുന്നതിനാൽ സയന്റിഫിക് ഓഫീസർ തസ്തികകളിൽ 15 പേരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടട്ടെങ്കിലും അനുവദിച്ചില്ല.കഴിഞ്ഞ മാസം ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 13 പേരെ താൽക്കാലികമായി സർക്കാർ നിയമിച്ചിരുന്നതാണ് ആകെ ശ്വാസം.താൽക്കാലിക ജീവനക്കാർക്ക് സ്ഥിര ജീവനക്കാരേക്കാൾ 50% ടാർജറ്റ് കൂടുതൽ കൊടുത്താണ് പരിശോധന നടത്തുന്നത്.

ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ പലപ്പോഴും പരിശോധനാഫലം വൈകുന്നത് പതിവാണ്. പൊലീസും എക്സൈസും സമർപ്പിക്കുന്ന സാമ്പിളുകളാണ് ലാബുകളിൽ പ്രധാനമായും പരിശോധിക്കുന്നത്.

ലാബിൽ ജോയിന്റ് കെമിക്കൽ എക്‌സാമിനർ മുതൽ പാർട്ട്ടൈം സ്വീപ്പർ വരെ 63 ജീവനക്കാരുടെ തസ്തികയാണുളളത്. സ്ഥിര ജീനവക്കാരായ രണ്ട് ഫോറൻസിക്ക് ഓഫീസമാരുടെ ഒഴിവുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകളും ബോട്ടിൽ ക്‌ളീനർ 06 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

# രാസപരിശോധന വേണ്ട കേസുകൾ

കൊലപാതകം, വിഷം കഴിക്കൽ, ആത്മഹത്യ, അസ്വാഭാവിക മരണങ്ങൾ, പീഡനം, ബലാത്സംഗം, കൈയേറ്റം , അതിക്രമം , മയക്കുമരുന്ന്, മായം ചേർക്കൽ, അബ്കാരി കേസുകൾ എന്നിവയുടെയെല്ലാം പരിശോധന ഇവിടെയാണ് നടക്കുന്നത്.