ആലുവ: ജില്ലാ ആശുപത്രിക്ക് മുന്നിൽ മീഡിയനിൽ നിന്നും കൊടിമരങ്ങളും വഴിയരികിലെ ഏഴ് പെട്ടിക്കടകളും നീക്കം ചെയ്തിട്ടും യൂണിയൻ ഷെഡിന് മാത്രം അനക്കമില്ല. നീക്കം ചെയ്യുമെന്ന് നഗരസഭയും പൊതുമരാമത്ത് വകുപ്പും പ്രഖ്യാപിച്ച ഓഫീസാണ് ഇപ്പോഴത്തെ ഒഴിപ്പിക്കലിലും പെടാതെ തലയുയർത്തി നിൽക്കുന്നത്.
കഴിഞ്ഞ ദിവസം ആശുപത്രി കവലയിൽ യൂണിയൻ ഷെഡുകൾ ഒഴികെയുള്ള കൈയേറ്റങ്ങൾ നീക്കിയിരുന്നു. ഒരേ ദിശയിലേക്ക് മാത്രം ബസ് ഗതാഗതമുള്ള ഇവിടെ രണ്ട് ബസ് സ്റ്റോപ്പുകളാണുള്ളത്. ഒന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനുള്ള ബസുകൾ നിർത്താനും രണ്ടാമത്തേത് സ്വകാര്യ സ്റ്റാൻഡിലേക്കും എറണാകുളം ഭാഗത്തേക്കും പോകുന്ന ബസുകൾക്കായുള്ളതും. ഈ ബസ് സ്റ്റോറ്റോപ്പുകൾക്ക് ഇടയിലായാണ് പെട്ടിക്കടകളും ഉന്തുവണ്ടിക്കടകളും ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് കടകൾ ഉയർന്നത്. സ്ഥലം കയ്യേറിയവർ കൂടുതൽ ആളുകളെ വാടകയ്ക്ക് കൊണ്ടുവരികയായിരുന്നു.
മറയുള്ളതിനാൽ രോഗികളടക്കമുള്ള യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നിൽക്കുകയാണ് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കാറുണ്ടായിരുന്നു. ഇപ്പോൾ യാത്രക്കാർ കാത്തു നിൽക്കുന്ന ഷെൽട്ടറിൽ കെ എസ് ഇ ബിയുടെ വലിയ കുഴലുകളാണ് എടുത്ത് വച്ചിരിക്കുന്നത്. മീഡിയിനിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ ഷെഡാണ് പ്രവർത്തിക്കുന്നത്. വാഹനങ്ങളുടെ കാഴ്ച്ച മറക്കുന്ന അവസ്ഥയായിട്ടും മാറ്റാനായിട്ടില്ല.
കാണ നിർമ്മിക്കാൻ
ആശുപത്രി മതിലിനോട് ചേർന്ന് പുതിയ കാണ നിർമ്മിക്കാൻ കൂടിയാണ് പെട്ടിക്കടകൾ ഒഴിവാക്കിയത്. ഏഴ് കടകൾ സ്ഥലം ഒഴിഞ്ഞു പോയി. ഇനി ഒരു ലോട്ടറി കടയും ചെരുപ്പു കടയുമാണ് മാറാനുള്ളത്. ഇവ കൂടി മാറിയാൽ നാളെ മുതൽ നിർമ്മാണം ആരംഭിക്കും.