കൊച്ചി : സംവിധായകൻ വിനയന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകൾക്ക് പിഴ ചുമത്തിയ കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ വിധി ഡൽഹിയിലെ നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവച്ചു. 2017 മാർച്ച് 24ലെ കമ്മിഷന്റെ വിധി ചോദ്യം ചെയ്ത് അമ്മയും ഫെഫ്കയും ഉൾപ്പെടെ നൽകിയ അപ്പീലുകൾ തള്ളുകയും ചെയ്തു.
അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് 3.86 ലക്ഷം രൂപയുമാണ് പിഴ. അന്വേഷണം നടത്തിയാണ് പിഴ വിധിച്ചതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ വിധി പറഞ്ഞതെന്നും ട്രൈബ്യൂണൽ അഭിപ്രായപ്പെട്ടു.
നടൻ ദിലീപ് തന്റെ ചിത്രത്തിൽ നിന്ന് സംവിധായകൻ തുളസിദാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. പരസ്യമായി എതിർത്തതോടെ വിനയന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതിൽ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും സംഘടനകൾ നിർബന്ധിച്ച് പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം.
വിനയന്റെ സിനിമകളുമായി സഹകരിച്ചവർക്കു വിലക്ക് ഏർപ്പെടുത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഇൗ നടപടി വിപണിയിൽ മത്സരിക്കാനുള്ള തന്റെ അവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയൻ കോമ്പറ്റീഷൻ കമ്മിഷനിൽ പരാതി നൽകിയത്.
'സത്യത്തിന്റെ വിജയം: സിനിമാരംഗത്ത് നീതിക്കു വേണ്ടി നടത്തുന്ന എന്റെ പോരാട്ടത്തിനുള്ള അംഗീകാരമാണിത്. വിലകൂടിയ അഭിഭാഷകരെ രംഗത്തിറക്കിയാണ് അവർ വാദിച്ചത്. എന്നാൽ എനിക്കു വേണ്ടി പ്രിയ സുഹൃത്തുക്കളായ രണ്ട് അഭിഭാഷകരും".
- വിനയൻ