തൃക്കാക്കര: അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വാഴക്കാല കുന്നേപ്പറമ്പിൽ സി.എ.സിയാദിന്റെ മരണത്തിനുത്തരവാദികളായ സി.പി.എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.സി.പി.എം ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈൻ, ബാങ്ക് പ്രസിഡന്റ് കെ.ആർ.ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി.നിസാർ എന്നിവർക്കെതിരെയാണ് സിയാദിന്റെ ആത്മഹത്യാകുറിപ്പിൽ പരാമശമുള്ളതെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ച സിയാദിന്റെ വീട്ടിൽ കുടുംബാംഗങ്ങളെ ആശ്വാസിപ്പിക്കാനെത്തിയ എ.എൻ. രാധാകൃഷ്ണൻ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് സിയാദിന്റെ വീട്ടിൽ അദ്ദേഹം എത്തിയത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് സത്യസന്ധമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുടുംബത്തിലെ അംഗമായിരുന്നു സിയാദ്. അദ്ദേഹത്തിന്റെ മരണ ശേഷം പ്രാദേശിക നേതാക്കൾ മാത്രമാണ് വീട്ടിലെത്തിയത്. മന്ത്രിമാരോ, ജില്ലാ സംസ്ഥാന ഭാരവാഹികളോ ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്ന് രാധാക്യഷ്ണൻ പറഞ്ഞു. ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ഉപാദ്ധ്യക്ഷൻ എസ്.സജി, തൃക്കാക്കര മണ്ഡലം അദ്ധ്യക്ഷൻ എ.ആർ.രാജേഷ്, സെക്രട്ടറിമാരായ സി.നന്ദകുമാർ, എം.സി.അജയകുമാർ, ഏരിയ പ്രസിഡന്റ് സി.ബി.അനിൽ കുമാർ, നേതാക്കളായ ആശിഷ് കുമാർ, കെ.എൻ.രാജൻ, ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.