കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേല്പാല നിർമ്മാണങ്ങൾ എന്നു പൂർത്തിയാകുമെന്ന് ആർക്കെങ്കിലുമറിയാമോ? 80 ശതമാനം നിർമ്മാണം വേഗത്തിൽ പൂർത്തിയായെങ്കിലും ഇപ്പോൾ ബാക്കിയുള്ള ജോലികൾ ഇഴയുകയാണ്. നിർമ്മാണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്ന് തുറന്നു കൊാടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ചോദിച്ചാൽ വ്യക്തമായ ഉത്തരവുമില്ല. പാലാരിവട്ടം ഫ്ളൈവർ അടച്ചിട്ട് ഒരു വർഷമായെങ്കിലും തുറക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുമില്ല.

 വൈറ്റില മേല്പാലം

നിർമ്മാണോദ്ഘാടനം - 2017 ഡിസംബർ 11

 ചെലവ് - 78.37 കോടി

 നീളം -717 മീറ്റർ

ഫണ്ട് : കിഫ്ബി

പാലം തുറക്കുമെന്ന പ്രതീക്ഷ: 2020 ജൂൺ

 കുണ്ടന്നൂർ മേല്പാലം

 നിർമ്മാണോദ്ഘാടനം : 2018 മേയ് 31

 ചെലവ് 74.45 കോടി

 നീളം 750 മീറ്റർ

 ഫണ്ട് : കിഫ്ബി

 പാലം തുറക്കുമെന്ന പ്രതീക്ഷ: 2020 ഏപ്രിൽ

വൈറ്റില 85%

 നാലു ഗർഡറുകൾ സ്ഥാപിക്കണം

 ആലുവ ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് നിർമ്മിക്കണം

 ഏതു തരം ടാറിംഗ് വേണമെന്ന കാര്യത്തൽ തീരുമാനമായില്ല

 പാലം പൂർത്തിയാകേണ്ടിയിരുന്നത് 2019 മേയിൽ

കുണ്ടന്നൂർ 96 %

 അരൂർ ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയായില്ല

 പെയിന്റിംഗ് പുരോഗമിക്കുന്നു

ടാറിംഗ് തുടങ്ങിയിട്ടില്ല

 പൂർത്തിയാകേണ്ടിയിരുന്നത് 2020 മാർച്ചിൽ

ആരോപണം

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നിർമ്മാണം വൈകിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാലം തുറന്നു കൊടുത്താൽ നേട്ടമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നതായി കോൺഗ്രസുകാർ പറയുന്നു.

ഗതാഗതക്കുരുക്ക് രൂക്ഷം

പാലാരിവട്ടം പാലം അടച്ചിട്ടിരിക്കുന്നു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വൈറ്റിലയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.

കുണ്ടന്നൂർ സുപ്പറാകും, വൈറ്റിലയോ?

പാലം തുറക്കുന്നതോടെ കുണ്ടന്നൂർ ജംഗ്ഷൻ സ്മാർട്ടാകും. ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയും. വൈറ്റിലയിൽ ഗതാഗതക്കുരുക്ക് കുറയുമോയെന്ന് കണ്ടറിയണം. മേല്പാലം വഴി കടന്നു പാേകുന്ന 60 ശതമാനം വാഹനങ്ങൾക്ക് മാത്രമാണ് പ്രയോജനമുണ്ടാകുകയെന്ന വിലയിരുത്തലാണ് നിലവിലുള്ളത്. നാലു ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനുള്ള ബട്ടർഫ്ളൈ പാലമാണ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് ദേശീയ പാതയ്‌ക്ക് മുകളിൽ മേൽപ്പാലമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

പാലാരിവട്ടം പാലത്തൽ ഇനി...

18 കോടി രൂപയ്‌ക്ക് പാലം പൊളിച്ച് അറ്റക്കുറ്റപ്പണി നടത്താനായിരുന്നു തീരുമാനം. എന്നാൽ, ലോഡ് ടെസ്‌റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് കരാറുകാർ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. കരാറുകാർക്ക് അനുകൂലമായിരുന്നു വിധി. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോയി. സുപ്രീം കോടതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും അടുത്ത തീരുമാനം,