ആലുവ: കൊറോണ വ്യാപകമാകുന്നത് തടയുന്നതിനായി വിനോദയാത്രകളും പഠനയാത്രകളും മറ്റ് യാത്രകളും പൂർണ്ണമായി നിർത്തിവെക്കുകയും വിവാഹ ഓട്ടങ്ങൾവ ചുരുക്കുകയും ചെയ്തതോടെ ടൂറിസ്റ്റ് ബസ് വ്യവസായം പൂർണമായി നിലച്ചെന്നും സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഉടമകൾ.
ആയിരക്കണക്കിന് ഉടമകളും പതിനായിരക്കണക്കിന് ജീവനക്കാരും കുടുബാംഗങ്ങളും വലിയ പ്രതിസന്ധി നേരിടുകയാണ്. ഭാരിച്ച തുക മുൻകൂർ നികുതിയായി അടച്ചതെല്ലാം പാഴായി. ബാങ്കിൽ നിന്നും ഭീമമായ തുകകൾ വായ്പയെടുത്ത ഉടമകൾ തിരിച്ചടവിന് മാർഗമല്ലാതെ
നെട്ടോട്ടം ഓടുകയാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ ബാങ്കുകളിൽ നിന്നും വായ്പാ തിരിച്ചടവിനായി കടുത്ത സമ്മർദ്ദമാണ്. ഈ പ്രതിസന്ധിയിൽ നിന്നും തങ്ങളെ രക്ഷിക്കുന്നതിന് ബാങ്കുകളുമായി സംസാരിച്ച് വായ്പകൾക്ക് ഒരു മൊറട്ടോറിയം ഏർപ്പെടുത്താനും അടുത്ത ത്രൈമാസ വാഹന നികുതി ഒഴിവാക്കാനുംസർക്കാർ നടപടിയെടുക്കണമെന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബിനു ജോൺ, ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ എന്നിവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയെന്നുംഇരുവരും അറിയിച്ചു.