കൊച്ചി: കൊറോണ മുൻകരുതൽ മൂലം വ്യാപാരമാന്ദ്യം രൂക്ഷമായതിനാൽ ഹോട്ടലുകളുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുന്ന കാര്യം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മിറ്റി ആലോചിക്കുന്നു. പൂർണമായും അടച്ചിടാതെ അടുത്തടുത്തുള്ള ഹോട്ടലുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറന്നോ പ്രവർത്തന സമയം കുറച്ചോ മാന്ദ്യത്തിൽനിന്നും കരകയറാൻ ശ്രമിക്കണമെന്നും സംഘടന അംഗങ്ങൾക്ക് നിർദ്ദേശം നൽകി.
കെട്ടിട ഉടമയുമായി വാടക തൽക്കാലത്തേയ്ക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ധാരണയാകണമെന്നും ജില്ലാകമ്മിറ്റി നിർദ്ദേശിച്ചു. ജി.എസ്.ടി.ക്കും ബാങ്ക്‌വായ്പകൾക്കും പലിശ ഒഴിവാക്കി മൊറൊട്ടോറിയം ഏർപ്പെടുത്തണമെന്നും ജില്ലാകമ്മിറ്റിയുടെ അടിയന്തരയോഗം സർക്കാരിനോടാവശ്യപ്പെട്ടു.