കൊച്ചി: കൊറോണ രോഗലക്ഷണങ്ങളുമായി ഇന്നലെ ജില്ലയിൽ 89 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതിൽ 86 പേർ വീടുകളിലും 3 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലുമാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഏഴു പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ ഇവിടെ 19 പേർ നിരീക്ഷണത്തിലുണ്ട്. മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ നിലവിൽ ഏഴു പേരാണുള്ളത്. ജില്ലയിൽ 618 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ ജില്ലയിൽ നിന്ന് 33 സാമ്പിളുകളാണ് ആലപ്പുഴ എൻ. ഐ.വിയിലേക്ക് പരിശോധനയ്ക്കായി അയച്ചത്.
ഫോർട്ട് കൊച്ചിയിൽ ടൂറിസം അസോസിയേഷൻ അംഗങ്ങൾക്കും, ഹോംസ്റ്റേ ഉടമകൾക്കും, നെടുമ്പാശ്ശേരിയിൽ എയർപോർട്ട് കാർഗോ സ്റ്റാഫിനും, ഒക്കൽ, കാക്കനാട് എന്നിവിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രത്യേകം ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഓരോ നോഡൽ ഓഫീസർമാരെ ജില്ലാ തലത്തിൽ ചുമതലപ്പെടുത്തി.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു തുടങ്ങി. ഇന്നലെ 173 പേർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്യുന്നത്.