കൊച്ചി: കൊറോണ വ്യാപിക്കുന്നതിനെ തുടർന്ന് റോട്ടറി ഡിസ്ട്രിക്ട് 3201 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തീരുമാനിച്ച എല്ലാ പ്രധാന യോഗങ്ങളും നീട്ടിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ലബ്ബുകൾ ചേർന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3201. മാർച്ച് 26 മുതൽ 28 വരെ ബംഗളൂരിൽ നടക്കേണ്ടിയിരുന്ന പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും പരിശീലന പരിപാടി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവെച്ചു. റോട്ടറി അംഗങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പരിഗണനയെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ.മാധവ് ചന്ദ്രൻ അറിയിച്ചു. ഓൺലൈൻ യോഗങ്ങളും വെബിനാറുകളും (വെബ്‌സൈറ്റ് വഴിയുള്ള സെമിനാർ) സംഘടിപ്പിക്കുകയാണ് ഉചിതം. പ്രാദേശികമായി ആവശ്യമായ കാര്യങ്ങൾ നിർവഹിക്കാൻ റോട്ടറി ഭാരവാഹികൾ ശ്രമിക്കണമെന്നും പ്രാദേശിക ആരോഗ്യ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും അദ്ദേഹം അറിയിച്ചു.