തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പ് വിവാദത്തിൽപ്പെട്ട അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വാഴക്കാല കുന്നേപ്പറമ്പിൽ സി.എ.സിയാദിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു.

കഴിഞ്ഞ ഒമ്പതി​നാണ് വാഴക്കാല കുന്നേപ്പറമ്പ് സ്വദേശി വി.എ. സിയാദിനെ (46) വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അന്ന് രാവിലെ തൊട്ടടുത്ത പറമ്പിലേക്ക് ഒരു പൊതി എറിയുന്നതായി സമീപത്തെ തുണിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ അന്വേഷണ സംഘം കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ കവറിൽ നിന്നും രക്തക്കറയുള്ള മുണ്ടും ഷർട്ടും കണ്ടെത്തി. സിയാദിന്റെ ഉടുപ്പുകളാണിതെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. ഈ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. സുഹൃത്തുക്കളിൽ നിന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തി. മരിച്ച ദിവസവും തലേന്നും സിയാദുമായി ഫോണിൽ സംസാരി​​ച്ചവരി​ൽ നി​ന്നും മൊഴിയെടുക്കുന്നുണ്ട്. മരണത്തിന് മുമ്പ് സിയാദുമായി ഫോണിൽ ബന്ധപ്പെട്ട അഞ്ചുപേരെ തൃക്കാക്കര പൊലീസ് വിളിച്ചുവരുത്തിയിരുന്നു.