വൈപ്പിൻ : മാർച്ചിലെ റേഷൻ കടകളിലേക്കുള്ള വിതരണം ഇഴഞ്ഞു നീങ്ങുന്നതിനാൽ പല റേഷൻ കടകളിലും സ്റ്റോക്ക് ഇല്ല. പറവൂർ ഡിപ്പോ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ വരുന്നത്. വണ്ടിയിൽ ജി പി എസ് ഘടിപ്പിക്കുന്നത്തിന്റെ ഭാഗമായും സാധനങ്ങൾ എത്തിക്കുന്ന കരാറുകാരുടെ വീഴ്ച മൂലവുമാണ് റേഷൻ വിതരണം അവതാളത്തിലാകുന്നത്. എ .പി .എൽ റേഷൻ കാർഡ് ഉടമകളുടെ കാര്യത്തിലും കഴിഞ്ഞ രണ്ട് മാസമായി ശരിയായ രീതിയിൽ വിതരണം നടക്കുന്നില്ല. എട്ടും ഒമ്പതും കിലോ അരി എ .പി .എൽ കാർക്ക് മുമ്പ് ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസവും ഈ മാസവും രണ്ട് കിലോ അരി വീതമേ ഇവർക്ക് നൽകുവാൻ കഴിഞ്ഞിട്ടുള്ളൂ. അരി അലോട്ട്‌മെന്റിൽ ഉണ്ടായ കുറവാണ് എ പി എല്ലുകാരുടെ റേഷൻ വെട്ടി കുറക്കാൻ കാരണം.
ഇപ്പോഴത്തെ പ്രത്യക സാഹചര്യത്തിൽ റേഷൻ വിതരണം ദ്രുതഗതിയിലാക്കണമെന്നും ആവശ്യമായ പച്ചരി വിതരണം ചെയ്യണമെന്നും ഓൾ കേരള റീട്ടെയിൽ ഡീലേഴ്‌സ് അസോസിയേഷൻ വൈപ്പിൻ യൂണിറ്റ് ഭാരവാഹികളായ കെ. കെ ഇസഹാക്ക്, സി. എ സന്തോഷ് , എം. ആർ സണ്ണി , എൻ .ബി ശശീന്ദ്രകുമാർ എന്നിവർ ആവശ്യപ്പെട്ടു.