നെടുമ്പാശേരി: ആഭ്യന്തര വിമാന യാത്രക്കാർക്ക് കൊറോണ പരിശോധന നടത്തിയ രാജ്യത്തെ ആദ്യ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഇപ്പോൾ മറ്റു വിമാനത്താവളങ്ങളിലും ഇതേ മാതൃകയിൽ പരിശോധന നടത്തുന്നുണ്ട്.
നിലവിൽ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രക്കാരായ മുഴുവനാളുകളെയും പരിശോധിക്കുന്നുണ്ട്. കൊറോണമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വിമാനത്താവളത്തിൽ 4 ലെവൽ പരിശോധനകളാണ് നടത്തുന്നത്. ഈ ദിവസങ്ങളിലായി അറുപതിനായിരം യാത്രക്കാരെ പരിശോധന നടത്തിയിട്ടുണ്ട്. രോഗലക്ഷണം കാണുന്നവരെ ആലുവയിലേയും, മൂവാറ്റുപുഴയിലെയും സർക്കാർ ആശുപത്രികളിലും എറണാകുളം മെഡിക്കൽ കോളേജിലുമാണ് എത്തിക്കുന്നത്. വീട്ടിൽ നിരീക്ഷണം നടത്തേണ്ടവരെ ആവശ്യമെങ്കിൽ ആമ്പുലൻസുകളിൽ എത്തിക്കുന്നുണ്ട്. അതിനാവശ്യമായ ആമ്പുലൻസുകളും സജ്ജമാണ്.
ആശുപത്രികൾക്കു പുറമേ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിലേയും, കുസാറ്റ് ഹോസ്റ്റലിലെയും 250 മുറികൾ യാത്രക്കാരെ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. വിമാനയാത്രക്കാരെ കൂടാതെ ട്രെയിൻ യാത്രക്കാരെയും ബസ് യാത്രക്കാരെയും പരിശോധിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ബസ്സുകൾക്ക് ഓരോ ജില്ലകളിലും ഒന്നോ രണ്ടോ സ്റ്റോപ്പുകൾ മാത്രം അനുവദിക്കാനുള്ള തീരുമാനത്തിലാണ്. ഇങ്ങനെ വരുമ്പോൾ ഈ യാത്രക്കാരെ പരിശോധിക്കുന്നത് എളുപ്പമാകും. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർമാരെ അറിയിച്ചിട്ടുണ്ട്. ഇവരും കൃത്യമായ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.