കോലഞ്ചേരി: കൊറോണയെ കേൾവി പരിമിതർ ഭയക്കേണ്ട, അവർക്കുള്ള ബോധവത്കരണ വീഡിയോയും തയ്യാർ. രോഗ പ്രതിരോധ വിവരങ്ങൾ കൈമാറുന്നതിൽ ആരോഗ്യ പ്രവർത്തകർ പകച്ചു നില്ക്കുമ്പോഴാണ് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ആംഗ്യ ഭാഷയിലുള്ള നാലു വീഡിയോകൾ നിർമ്മിച്ചത്.
പൊതുവിവരങ്ങൾ,വിദേശത്തു നിന്നെത്തുന്നവർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ,ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിശദമായി പ്രതിപാദിക്കുന്നു. വ്യാജ പ്രചാരണങ്ങൾക്കെതിരായ അറിയിപ്പും വീഡിയോയിലുണ്ട്. ആംഗ്യ ഭാഷയ്‌ക്കൊപ്പം ശബ്ദവിവരണവും സ്‌ക്രോളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്കായുള്ള കോൾ സെന്റർ, കൺട്രോൾ റൂം നമ്പറുകൾ എന്നിവയുമുണ്ട്.
ആംഗ്യഭാഷ പരിഭാഷകന്റെ സഹായത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുന്നതെങ്ങനെ, കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ ശ്രദ്ധിക്കേണ്ടതെന്തെല്ലാം, രോഗം ബാധിച്ചതായി സംശയമുണ്ടായാൽ സ്വീകരിക്കേണ്ട മാർഗങ്ങൾ, രോഗലക്ഷണങ്ങൾ, ചികിത്സ എന്നീ വിവരങ്ങൾ വിശദമായി പ്രതിപാദിക്കുന്നു. മുഖ്യമന്ത്റിയുടെ ഫേസ്ബുക്ക് പേജ്, പി. ആർ. ഡി വെബ്സൈറ്റ്, കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജ്, കേരള സർക്കാരിന്റെ ന്യൂസ് പോർട്ടൽ, യു ട്യൂബ് ചാനൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസുകളുടെ ഫേസ്ബുക്ക് പേജുകൾ എന്നിവയിലൂടെയും വീഡിയോ പരമാവധിപേരിലെത്തിക്കുന്നുണ്ട്.