help
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്

മൂവാറ്റുപുഴ: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കൂടുതൽ ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് മുമ്പ് പേവാർഡിൽ നിന്നും രോഗികളെ ഒഴിപ്പിച്ച് 14 പേരെ അഡ്മിറ്റ് ചെയ്യാവുന്ന ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചതിന് പിന്നാലെയാണ് മൂവാറ്റുപുഴ നഗരസഭ പേവാർഡിലും ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നത്. 26 പേരെ പ്രവേശിപ്പിക്കവുന്ന ഐസൊലേഷൻ വാർഡാണ് ഒരുക്കുന്നത്. തിങ്കളാഴ്ചയോടെ ഐസൊലേഷൻ വാർഡുകൾ സജ്ജമാകും. വിദേശത്ത് നിന്ന്എത്തുന്നവരും നിലവിൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നത്.ഇതിന് പുറമെ വീടുകളിലും പലരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശമെത്തിയതോടെ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു


ജനറൽ ആശുപത്രിയിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ സഹായ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആശങ്ക അകറ്റുന്നതിനുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ സഹായ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ഉന്നതതല യോഗം നാളെ


കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നാളെ വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് ഹാളിൽ എൽദോ എബ്രഹാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം നടക്കും.