കൊച്ചി: ലക്ഷദ്വീപിലേക്ക് പോകുന്നതിനായി ഖത്തറിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് പേരെ താമസിപ്പിക്കാതിരിക്കാൻ ഗാന്ധിനഗറിലെ ലക്ഷ്ദ്വീപ് ഗസ്റ്റ് ഹൗസിന്റെ വാതിൽ നാട്ടുകാരും ഗസ്റ്റ് ഹൗസിലെ മറ്റു താമസക്കാരും ചേർന്ന് പൂട്ടി. ഇവിടേക്ക് ഇവർ വരുന്നതറിഞ്ഞ് സമീപത്തെ കോളനി നിവാസികളുടെ പിന്തുണയോടെയാണ് മറ്റ് താമസക്കാർ ഗസ്റ്റ് ഹൗസിന്റെ ഗേറ്റും പ്രധാന വാതിലും പൂട്ടിയത്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം നിരീക്ഷണത്തിന്റെ ഭാഗമായി 14 ദിവസം പൊതുജനങ്ങളുമായി സമ്പർക്കം പാടിലെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചാണ് അമിനി ദ്വീപ് സ്വദേശികളായ മൂന്നുപേർ ഗസ്റ്റ് ഹൗസിൽ വിളിച്ച് റൂം ബുക്ക് ചെയ്തത്. ഇവർക്ക് കൊറോണ ബാധയുണ്ടെന്ന് തെറ്റിദ്ധരിച്ച് ഗസ്റ്റ് ഹൗസിലെ മറ്റ് താമസക്കാർ സമീപത്തെ ഉദയാകോളനിയിലെ താമസക്കാരെ കൂട്ടുപിടിച്ച് ഗസ്റ്റ് ഹൗസിനു മുന്നിൽ തടിച്ചുകൂടുകയും ഗസ്റ്റ് ഹൗസിന്റെ വാതിൽ പൂട്ടുകയുമായിരുന്നു. വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗേറ്റ് തുറക്കാൻ ഇവർ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് മൂവരെയും കളമശേരി മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് അയക്കുകയും അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. രോഗലക്ഷണമുള്ളവരെ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാത്രമേ മാറ്റൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ കുട്ടപ്പൻ കേരളകൗമുദിയോട് പറഞ്ഞു.