കൊച്ചി: ബാർ ഉടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ കേസിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടി. പെരുമ്പാവൂർ എക്‌സൈസ് സി.ഐ സജികുമാർ, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു.ആർ.ചന്ദ്ര, പ്രിവിന്റീവ് ഓഫീസർ പ്രതാപൻ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. എക്‌സൈസ് കമീഷണറുടെ ഉത്തരവ് പ്രകാരമാണ് സസ്‌പെൻഷൻ. കമീഷണറുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നേരിടുകയായിരുന്നു ഇവർ.
കുന്നത്തുനാട് സർക്കിളിലെ 16 വിദേശ മദ്യശാലകളിൽ നിന്ന് എക്‌സൈസ് അധികൃതർ മാസപ്പടി വാങ്ങിയ കേസിലാണ് നടപടി. ബാർ ഉടമകൾ വിജിലൻസിനും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ എക്‌സൈസ് അസോസിയേഷനെ തന്നെ മദ്ധ്യസ്ഥരാക്കി തുക തിരിച്ചേൽപ്പിക്കുകയും ചെയ്തിരുന്നു. ആരോപണം നേരിട്ട പെരുമ്പാവൂർ എക്‌സൈസ് സർക്കിളിലെ ഉദ്യോഗസ്ഥർക്ക് നേരത്തെ കൂട്ടസ്ഥലംമാറ്റം നൽകിയിരുന്നു.