കോലഞ്ചേരി: അപകടങ്ങളുടെ പെരുമഴക്കാലം, എം.സി റോഡിൽ പുല്ലുവഴി മുതൽ മണ്ണൂർ വരെ കുരുതിക്കളം.ഇന്നലെ വെളുപ്പിന് 3 ന് നിലമ്പൂരിൽ നിന്നും മുണ്ടക്കയത്തിന് പോവുകയായിരുന്ന മാരുതി 800 കാറും പത്തനംതിട്ടയിൽ നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്ന തടി ലോറിയും കൂട്ടി ഇടിച്ചുണ്ടായതാണ് ഒടുവിൽ നടന്ന അപകടം. പുല്ലുവഴിയിൽ കലവറ ഹോട്ടലിനു മുന്നിലാണ് അപകടം നടന്നത്. രണ്ട് ദിവസം മുമ്പ് കീഴില്ലത്ത് കാർ തല കീഴായി മറിഞ്ഞ് പിറവം സ്വദേശികളായ ബെറ്റി ജോസഫ്, ഫാ. അരുൺ എന്നിവർക്ക് പരിക്കേറ്റിരുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ സർവീസ് സെന്ററിനു മുന്നിലായിരുന്നു അപകടം. കഴിഞ്ഞ 4 ന് ഒക്കൽ ചേലാമറ്റത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 13 ന് കീഴില്ലത്ത് വച്ച് ട്യൂഷൻ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ രണ്ടു വിദ്യാർത്ഥികൾ കെ.എസ്.ആർ.ടി.സി ബൈക്കിലിടിച്ച് മരിച്ചു. ഇന്നലെ അപകടം നടന്ന അതേ സ്ഥലത്ത് രണ്ടാഴ്ച മുമ്പ് സാൻട്രോ കാർ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെയാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ് അപകടങ്ങൾക്ക് കാരണം.
അപകടങ്ങൾ കുറയ്ക്കാൻ ഐസ് ഓൺ റോഡ് പദ്ധതി
എം.സി റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. ഒക്കൽ മുതൽ മണ്ണൂർ വരെ അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയാണിത്. പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ ബി.ഷഫീക്കാണ് പദ്ധതി തയ്യാറാക്കിയത്. റോഡ് നിയമങ്ങൾ കുടുബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ച ശേഷം അവരുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ കണ്ടെത്തി പിടി കൂടുകയും ശിക്ഷിക്കുകയും ബോധ വല്ക്കരിക്കുകയുമാണ് ലക്ഷ്യം
ബ്ളാക്ക് സ്പോട്ടുകൾ
ഒക്കൽ മുതൽ മണ്ണൂർ വരെ പത്ത് ബ്ളാക്ക് സ്പോട്ടുകൾ ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത് ഒക്കൽ, കാരിക്കോട്, വല്ലം പാലം, പൊന്മണി റൈസിനു സമീപം, പൊലീസ് ക്വാർട്ടേഴ്സ്, പുല്ലുവഴി പി.കെ.വി കവല, തായ്ക്കര ചിറങ്ങര, കീഴില്ലം അമ്പലം പടി, കീഴില്ലം ഷാപ്പ്, കീഴില്ലം സെന്റ് തോമസ് സ്കൂൾ എന്നിവയാണ് ബ്ളാക്ക് സ്പോട്ടുകൾ.
ഉറങ്ങിപ്പോയാൽ അപകടം എങ്ങിനെ
വാഹനം സ്റ്റിയറിംഗിൽ ഒരു നിയന്ത്റണവും ഇല്ലാത്ത രീതിയിൽ ട്രാക്കിൽ നിന്നു വളരെ വ്യതിചലിച്ച് നീങ്ങുക.കാലിന്റെ ഭാരം കൊണ്ടു ,ആക്സിലേറ്റർ അമർന്നു വേഗത വലിയരീതിയിൽ കൂടുക.ബ്രേക്ക് ചവിട്ടാതിരിക്കുക.