ആലുവ: വിദേശത്ത് വച്ച് ഇസ്ലാംമതം സ്വീകരിച്ച ശേഷം നാട്ടിലെത്തി ഹിന്ദുമത വിശ്വാസികളായ ഭാര്യയെയും മൂന്ന് പെൺമക്കളെയും വധഭീഷണയുയർത്തി മതം മാറ്റാൻ ശ്രമിച്ച വിഷയത്തിൽ യുവതിക്കും കുടുംബത്തിനും പിന്തുണയുമായി അൻവർ സാദത്ത് എം.എൽ.എയും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും രംഗത്തെത്തി.
ചാലക്കൽ പാലത്തിങ്കൽ വീട്ടിൽ സുശീലന്റെ ഭാര്യ റൈനയും കുട്ടികളുമാണ് വധഭീഷണി നേരിടുന്നത്. കഴിഞ്ഞ ദിവസം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ജുമാ മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്‌ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ കെ.കെ. മോഹനൻ, ആലുവ ശ്രീനാരായണ ക്ലബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, ശാഖാ പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ, സെക്രട്ടറി സുനിൽകുമാർ എന്നിവരും നേരിട്ടെത്തി പിന്തുണ അറിയിച്ചിരുന്നു.
അതിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടികളും യുവതിക്കും കുടുംബത്തിനും പിന്തുണയുമായെത്തിയത്.
നിർബന്ധിത മതപരിവർത്തനം
അംഗീകരിക്കാനാകില്ല
മതേതര രാജ്യമായ ഇന്ത്യയിൽ ഏതൊരാൾക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം. എന്നാൽ ഇതിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം അംഗീകരിക്കാനാകില്ല. ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ച മതം മാറ്റുന്നത് നിയമവിരുദ്ധമാണ്. ഇത് ഇസ്ലാം മതവും അംഗീകരിക്കുന്നില്ല. ഏത് മതത്തിൽ വിശ്വസിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ യുവതിക്കും കുഞ്ഞിനും ഉറച്ച പിന്തുണ നൽകും.
അൻവർ സാദത്ത് എം.എൽ.എ
നിർബന്ധിച്ച് മതം മാറ്റാനാകില്ല
മതം മാറാത്തതിന്റെ പേരിൽ ചാലക്കലിൽ യുവതിക്കും കുടുംബത്തിനും നേരെയുണ്ടായ അതിക്രമം ഒരിക്കലും അംഗീകരിക്കാനാകില്ല. ഏത് മതം വിശ്വസിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. ഭാര്യയെയായാലും കുട്ടികളെയായാലും നിർബന്ധിച്ച് മതം മാറ്റാനാകില്ല. മതം മാറാത്തതിന്റെ പേരിൽ ചാലക്കലിൽ യുവതിയെയും കുട്ടികളെയും മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്കെതിരെ ക്രിമിനൽ കെസെടുക്കാൻ പൊലീസ് തയ്യാറാകണം. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകരുത്. യുവതിക്കും കുട്ടികൾക്കും വീട്ടിലെത്തി പിന്തുണഅറിയിക്കും.
എ.പി. ഉദയകുമാർ,
(സെക്രട്ടറി, സി.പി.എം ആലുവ ഏരിയ കമ്മിറ്റി)
കോൺഗ്രസ് എതിർക്കും
നിർബന്ധിത മതപരിവർത്തനത്തെ അംഗീകരിക്കില്ല. മതം മാറിയ വ്യക്തി ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുന്നതിനെ കോൺഗ്രസ് പാർട്ടി എതിർക്കും. നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിരുദ്ധമായ നടപടിയാണ് ചാലക്കലിൽ നടക്കുന്നത്. യുവതിക്കും മക്കൾക്കും അവർ വിശ്വസിക്കുന്ന മതത്തിൽ തുടരാനും ആരാധിക്കാനും സഹായം ചെയ്യും. ഇക്കാര്യത്തിൽ പാർട്ടിയുടെ പൂർണ പിന്തുണയുണ്ടാകും. ഇവരെ വീട്ടിലെത്തി പിന്തുണ അറിയിക്കും.
തോപ്പിൽ അബു
(പ്രസിഡന്റ്, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി)
മതംമാറ്റഭീഷണി വ്യാമോഹം
മതംമാറ്റ ഭീഷണി നേരിടുന്ന യുവതിക്കും കുട്ടികൾക്കും ശക്തമായ പിന്തുണ നൽകും. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതം മാറ്റാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അത് വ്യാമോഹമായിരിക്കും. സംഘടനപരമായും രാഷ്ട്രീയമായും നേരിടും. സുശീലന്റെ മതം മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച മതമൗലിക വാദികളെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം നടത്തണം. നാട്ടിൽ ഇയാളെ സഹായിക്കുന്നവരെയും കേസിൽ പ്രതികളാക്കണം.
എ. സെന്തിൽകുമാർ
(പ്രസിഡന്റ്, ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി)
യുവതിക്ക് പൂർണ പിന്തുണ
യുവതിക്കും കുട്ടികൾക്കും പൂർണ പിന്തുണ നൽകും. യുവതിക്കും മക്കൾക്കും സ്വന്തം മതത്തിൽ ധൈര്യപൂർവം ആരാധന നടത്തുന്നതിനും വിശ്വസിക്കുന്നതിനും ആവശ്യമായ നിയമപരവും അല്ലാത്തതുമായ സഹായം നൽകും. പഞ്ചായത്ത് - മണ്ഡലം ഭാരവാഹികൾ നേരിട്ടെത്തി പിന്തുണ അറിയിച്ചിട്ടുണ്ട്.
എം.പി. നാരായണൻകുട്ടി
(ജനറൽ സെക്രട്ടറി, ബി.ഡി.ജെ.എസ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി)