 ടാക്‌സി ഓപ്പറേറ്റേർമാർക്ക് ആശ്വാസ നടപടികൾ വേണമെന്ന് ടോക്

കൊച്ചി: നിപ്പയിൽ നിന്നും പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലായിരുന്നു ജില്ലയിലെ ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർമാർ. കഴിഞ്ഞ വർഷങ്ങളിലുണ്ടായ നഷ്ടം നികത്താൻ ഇത്തവണത്തെ വേനലവധിക്കാലം സഹായിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. എന്നാൽ, എല്ലാപ്രതീക്ഷയും തകിടം മറിഞ്ഞു. വിനോദസഞ്ചാരങ്ങളും മറ്റുയാത്രകളും കഴിയുന്നതും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം അക്ഷരാർത്ഥത്തിൽ ഇവരുടെ വയറ്റത്തടിച്ചു. . നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം ലഭ്യമാക്കണമെന്ന് ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (ടോക്) ആവശ്യപ്പെടുന്നു.

ഓട്ടമില്ലാതെ ടാക്സികൾ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരമ്പരാഗത ടാക്സി തൊഴിലാളികൾക്കും ഓൺലൈൻ ടാക്സിതൊഴിലാളികൾക്കും ഓട്ടം നന്നേ കുറവാണ്. ഓട്ടത്തിൽ 60 ശതമാനം കുറവാണ് ഓൺലൈൻ ടാക്സികൾക്ക് സംഭവിച്ചിരിക്കുന്നത്. നഗരത്തിൽ മാത്രമേ ഓട്ടം കിട്ടുന്നുള്ളൂ. അതിനിടയിലാണ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളം അടച്ചിടുമെന്ന അഭ്യൂഹം വന്നത്.

200 ടാക്സികൾ ഓടുന്ന നെടുമ്പാശേരി കേന്ദ്രീകരിച്ച് ഒരു ദിവസം 25 ലക്ഷം രൂപയുടെ എങ്കിലും ഓട്ടം നടക്കുന്നുണ്ടെന്നാണ് കണക്ക്. വിമാനത്താവളം അടച്ചിട്ടാൽ ഉണ്ടാകുന്ന ഈ നഷ്ടം ടാക്സിത്തൊഴിലാളികൾക്ക് കനത്ത അടിയാണ് ഉണ്ടാക്കുക.

ടോക് സംഘടനയുടെ ആവശ്യങ്ങൾ

ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പാദത്തിലെ നികുതി ഇല്ലായ്മ ചെയ്യണം.

ജിഎസ്ടി അടയ്ക്കാൻ സാവകാശം നൽകണം.

ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിക്കാനുള്ള നീക്കം മേഖലയെ ഗുരുതരമായി ബാധിക്കും

ഇപ്പോൾ ജി.പി.എസ് അടിച്ചേൽപ്പിക്കരുത്

 ഇന്ധനവില കുറയ്ക്കാൻ സർക്കാർ ഇടപെടണം. ഇല്ലെങ്കിൽ ടാക്‌സി ഓപ്പറേറ്റർമാർക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം ലഭ്യമാക്കണം.

വാഹനവായ്പക്ക് താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിക്കണം

''വിനോദസഞ്ചാര കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാനുള്ള സർക്കാർ തീരുമാനം കേരളത്തിലെ ടാക്‌സി ഓപ്പറേറ്റർ മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കയാണ്. ആവശ്യമായ ആശ്വാസനടപടികൾ പ്രഖ്യാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും കേന്ദ്ര, സംസ്ഥാന ടൂറിസം മന്ത്രിമാർക്കും സംസ്ഥാന ഗതാഗതമന്ത്രിക്കും നിവേദനം അയച്ചിട്ടുണ്ട്.''

എം.എസ് അനിൽകുമാർ

പ്രസിഡന്റ്

ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (ടോക്)

''രണ്ടാഴ്ചയായി ഓട്ടം നന്നേക്കുറവാണ്. ടാക്സി സർവീസ് നടത്തുന്ന ഭൂരിഭാഗം പേരും ബാങ്കിൽ നിന്ന് ലോണെടുത്താണ് വണ്ടി വാങ്ങിയിട്ടുണ്ടാവുക. ടൂറിസ്റ്റ് ടാക്സി ആയതിനാൽ 10,000 രൂപ മുതൽ 20,000 രൂപ വരെ മാസം ലോണടയ്ക്കേണ്ടവരുണ്ട്. കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്നതിന്റെ ചെലവ് വേറെ. ഇപ്പോൾ തന്നെ നഷ്ടമാണ്. സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.''

ജിജോ

ഓൺലൈൻ ടാക്സി തൊഴിലാളി