കൊച്ചി: സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസിൽ സമഗ്രാന്വേഷണം വേണമെന്നും വിശ്വാസയോഗ്യമായ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോൺഗ്രസ് ജില്ലാനേതൃത്വം ആവശ്യപ്പെട്ടു. സി.പി.എം നേതാക്കൾ പ്രതികളായ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമാവില്ലെന്നും ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആണ് വേണ്ടതെന്നും എം.എൽ.എമാരായ പി.ടി തോമസ്, വി.ഡി. സതീശൻ, ടി.ജെ. വിനോദ്, ഹൈബി ഈഡൻ എം.പി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഏപ്രിൽ ആദ്യവാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളയൽ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് കൂടിയായ ടി.ജെ. വിനോദ് പറഞ്ഞു. കൊറോണ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശം മാനിച്ചാണ് മാർച്ച് 31 വരെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പാർട്ടി നീങ്ങാത്തതെന്നും ഇതിനെ മറയാക്കി കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

335ലേറെ തെറ്റായ അക്കൗണ്ടുകളിലേക്ക് അയച്ച 81.5 കോടി രൂപ തിരിച്ചുവരികയും ഈ തുകയിലാണ് വൻ തിരിമറികൾ നടന്നതെന്നും പി.ടി. തോമസ് പറഞ്ഞു. ദേനാ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അയ്യനാട് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറ്കടർമാരിൽ ഒരാൾ ആത്മഹത്യ ചെയ്തു. കേസിൽ പ്രതിയായ മറ്റൊരു ഡയറക്ടർ ഇപ്പോഴും ഒളിവിലാണ്. ഈ സാഹചര്യത്തിൽ ബാങ്ക് സമിതി പിരിച്ചുവിട്ട് പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ അന്വേഷണം വേണം. പ്രളയഫണ്ടുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അന്വേഷണം നേരിടുന്ന സി.പി.എം നേതാവ് നിഷാദിന്റെ പങ്കാളിത്തവും അന്വേഷിക്കണം. ആരോപണമുയർന്നിട്ടും കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ജില്ലാ നേതൃത്വമാണ് സക്കീർ ഹുസൈനെ സംരക്ഷിക്കുന്നത്. ജില്ലയിൽ നടന്നതിന് സമാനമായി മറ്റു ജില്ലകളിലും പ്രളയഫണ്ട് തട്ടിപ്പ് നടന്നിട്ടുണ്ടാവുമെന്നും പി.ടി തോമസ് ആരോപിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് 1.20 ലക്ഷം അക്കൗണ്ടുകൾ എങ്ങനെ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന് വി.ഡി സതീശൻ എം.എൽ.എ ചോദിച്ചു. 2019 ജനുവരി മുതൽ ഒരു വർഷത്തോളമായി നിരന്തരം നടന്ന തട്ടിപ്പാണിത്. വിവിധ മണ്ഡലങ്ങളിൽ ഒരു വീട്ടിലെ തന്നെ മൂന്നു കുടുംബാംഗങ്ങൾക്ക് വരെ തുക ലഭിച്ചിട്ടുണ്ട്. കേസിൽ പ്രതിയായ കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദിനെ പ്രളയബാധിതരായ അപേക്ഷകരോടുള്ള മോശം പെരുമാറ്റം കാരണം മാറ്റിനിർത്തണമെന്ന് നേരത്തെ തന്നെ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇയാളെ മാറ്റാനുള്ള കളക്ടറുടെ തീരുമാനത്തെ വിലക്കാൻപോലും സി.പി.എം നേതൃത്വത്തിന് കഴിഞ്ഞുവെന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. പ്രളയഫണ്ടിൽ കൃത്യമായ ഓഡിറ്റിംഗും സോഷ്യൽ ഓഡിറ്റിംഗും വേണമെന്നും വി.ഡി സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു.