കൊച്ചി: വാഹനങ്ങളൊഴിഞ്ഞ നിരത്ത്, ആളില്ലാത്ത ഷോപ്പിംഗ് മാളുകൾ, അടഞ്ഞു കിടക്കുന്ന തീയേറ്ററുകൾ, കുടുംബങ്ങളെത്താത്ത ഭക്ഷണശാലകൾ. ഒരു അവധിക്കാല മൂഡിലേക്ക് കടക്കേണ്ടിയിരുന്ന ഒരു ഞായറാഴ്ചയിൽ കൊച്ചിനഗരത്തിന്റെ കാഴ്ച ഇങ്ങനെയായിരുന്നു! കൊറോണ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണം കൂടുമ്പോൾ നഗരവും ഭീതിയിലമരുകയാണ്. ഞായറാഴ്ചകളിൽ നിറഞ്ഞുകവിയേണ്ട പള്ളികളിൽ കുർബാന കൂടാനെത്തിയവരുടെ എണ്ണവും വളരെ കുറവായിരുന്നു. സ്കൂളുകൾ നേരത്തെ പൂട്ടിയെങ്കിലും നഗരത്തിലെ പാർക്കുകളിലും തിരക്കില്ല. പുറത്തിറങ്ങിയാൽ കൊറോണ വൈറസ് ബാധിക്കുമോ എന്ന പേടിയിൽ കുട്ടികളെല്ലാം അടച്ചിട്ട വീട്ടുമുറിക്കുള്ളിലാണ്.

നഗരഹൃദയം ശൂന്യം

പലവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരുടെ എണ്ണം പാടെ കുറഞ്ഞു. മറ്റു ജില്ലകളിൽ നിന്ന് കൊച്ചിയിലേക്കും വിദ്യാർത്ഥികൾ പഠന യാത്ര നടത്തുന്ന സമയമാണിത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി നഗരം. നഗരമധ്യത്തിലെ എം.ജി റോഡിലും ബ്രോഡ്‌വേയിലുമെല്ലാം ഇന്നലെ തിരക്ക് അനുഭവപ്പെട്ടതേയില്ല. മറൈൻ ഡ്രൈവിലും ആളുണ്ടായിരുന്നില്ല. അവിടുത്തെ സ്വകാര്യ ബോട്ട് സർവീസുകളിലും കയറാൻ ആളില്ല. വൻകിട വസ്ത്രവ്യാപാരശാലകൾ മുതൽ രാത്രിയിലെ തട്ടുകൾ വരെ ആളൊഴിഞ്ഞു കിടന്നു. ഇത്രനാളും ഞായറാഴ്ചകളിലും തുറന്നുപ്രവർത്തിച്ച ചില സ്ഥാപനങ്ങൾ ഇന്നലെ അടച്ചിട്ടു. പെന്റാമേനകയിൽ കച്ചവടം കുത്തനെയിടിഞ്ഞു. കൊച്ചിമെട്രോയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സ്വകാര്യബസുകളും ഏറെക്കുറെ ഒഴിഞ്ഞുകിടന്നു. പല റൂട്ടുകളിലേക്കുമുള്ള പതിവ് സർവീസുകൾ പലതും വെട്ടിക്കുറക്കാനുള്ള ആലോചനയിലാണ് ബസുടമകൾ.

ആളൊഴിഞ്ഞ് ആരാധനാലയങ്ങൾ

നഗരത്തിലെ ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധനയ്ക്ക് എത്തിയത് വളരെ കുറച്ചുപേർ മാത്രം. ഞായറാഴ്ച കുർബാനയ്ക്കും ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്കും തിരക്ക് അനുഭവപ്പെട്ടതേയില്ല. മിക്ക ക്ഷേത്രങ്ങളിലെയും ഉത്സവാഘോഷം മാറ്റിവച്ചു. കൂട്ടംകൂടാൻ ഇടയുള്ള ഇടങ്ങളിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതിനാൽ എറണാകുളം നഗരമധ്യത്തിലെ മാർക്കറ്റിലും കടകളിലും സ്ഥിതി വ്യത്യസ്തമല്ല.

മാ‌ർക്കറ്റ് വിജനം

ചൈനയിൽ നിന്നെത്തുന്ന പല ഉത്പന്നങ്ങളുടെയും വരവ് നിലച്ചെന്നും വ്യാപാരികൾ പറയുന്നു. അവധിദിനങ്ങളിൽ അടുക്കളയ്ക്ക് അവധി കൊടുത്ത് കുടുംബസമേതം നഗരത്തിൽ കറങ്ങുകയെന്ന പതിവും പലരും വേണ്ടെന്ന് വച്ചു. നഗരത്തിലെ ഹോട്ടലുകൾ പലതും ഇന്നലെ ആളൊഴിഞ്ഞ നിലയിലായിരുന്നു. പതിവ് കണക്കിന് പകുതിയെന്ന നിലയ്ക്ക് ഭക്ഷണം ഒരുക്കിയിട്ടുപോലും പല ഹോട്ടലുകളിലും ഭക്ഷണം ബാക്കി വന്നു.

കച്ചവടം പൂട്ടേണ്ടി വരും

എറണാകുളം മാർക്കറ്റിൽ കടമുറികളുടെ വാടക അടയ്ക്കാനോ കടയിലെ ജോലിക്കാർക്ക് ശമ്പളം കൊടുക്കാനോ കഴിയാത്ത വിധം കച്ചവടം ഇടിഞ്ഞു. ആരും മാർക്കറ്റിലേക്ക് വരുന്നില്ല. ഇക്കണക്കിന് പോയാൽ പലരുടെയും കച്ചവടം പൂട്ടേണ്ടി വരും. സർക്കാർ ഇടപെടണം. ബാങ്കിലെ പലിശ കുറച്ചു കൊടുക്കുകയോ റവന്യൂ റിക്കവറി നടപടി ഉണ്ടെങ്കിൽ നിറുത്തി വയ്ക്കുകയോ പോലുള്ള സഹായം ചെയ്തു കൊടുക്കണം.

കെ.എം മുഹമ്മദ് സഗീർ,സംസ്ഥാന പ്രസിഡന്റ്

കേരള സ്റ്റീൽ ട്രേഡേഴ്സ് അസോ.