kaumudi
ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ജില്ലാ ആശുപത്രി കവലയുടെ വികസനത്തിന്റെ ഭാഗമായി ഏഴ് അനധികൃത കടകളും കൊടിമരങ്ങളുമെല്ലാം നീക്കിയിട്ടും അനക്കമില്ലാതിരുന്ന യൂണിയൻ ഷെഡും ഇന്നലെ പൊളിച്ചുനീക്കി. ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടു തൊഴിലാളികളും ഇരിപ്പിടമായി ഉപയോഗിക്കുന്ന ഷെഡാണ് പൊളിച്ചത്.

'ഏഴ് പെട്ടിക്കടകൾ നീക്കി, യൂണിയൻ ഷെഡിൽ തൊട്ടില്ല' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് കരാറുകാരനെ കൊണ്ട് യൂണിയൻ ഷെഡ് നീക്കുകയായിരുന്നു. മീഡിയൻ ഐലൻഡ് നവീകരണത്തിന്റെ ഭാഗമായി ഷെഡുകൾ നീക്കണമെന്ന് യൂണിയൻകാരോട് കരാറുകാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ ഷെഡ് നീക്കാൻ തയ്യാറായില്ല. യൂണിയൻകാർ പ്രശ്നമുണ്ടാക്കുമോയെന്ന് ഭയന്ന് കരാറുകാരൻ സ്വന്തം നിലയിൽ നീക്കുന്നതിന് വിമുഖതയും കാട്ടി. ഇത് സംബന്ധിച്ച് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ സജയഘോഷ് രാവിലെ തന്നെ കരാറുകാരനെ വിളിച്ച് ഉടൻ യൂണിയൻ ഷെ‌‌ുകൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു.

റോഡിന് ഇരുവശവുമുള്ള ഫുട്പാത്തും കവലയിലെ മീഡിയനുമാണ് നവീകരിക്കുന്നത്. ഐലന്റ് ചെരിച്ച് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. യൂണിയൻ ഷെഡും തണൽമരവും നിന്നതിനാൽ യൂടേൺ എടുക്കുന്ന വാഹനങ്ങളുടെ കാഴ്ച്ച മറക്കുന്ന അവസ്ഥയായിരുന്നു.