vayojanam
ആലുവയിൽ സ്‌പെഷ്യാലിറ്റി വയോജനകേന്ദ്ര പദ്ധതി പ്രദേശത്ത് നിർമാണം പുനരാരംഭിക്കാനുള്ള ഒരുക്കം നടത്തുന്നു

ആലുവ: ഒരു വർഷത്തോളമായി മുടങ്ങിക്കിടന്ന ആലുവ ജില്ലാ ആശുപത്രി വളപ്പിലെ ഗവ. സ്‌പെഷ്യാലിറ്റി വയോജന കേന്ദ്രത്തിൻെറ നിർമ്മാണം ഇന്ന് പുനരാരംഭിക്കും. കാടുപിടിച്ച് കിടന്ന പദ്ധതി പ്രദേശം ശുചീകരിച്ചും ഇവിടെ കൂട്ടിയിട്ടിരുന്ന ഇരുമ്പുകമ്പികളും മറ്റും മാറ്റി വൃത്തിയാക്കി.

ജില്ലാ പഞ്ചായത്തിൻെറയും ആശുപത്രിയുടെയും നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണിത്. നടൻ നിവിൻ പോളിയാണ് തറക്കല്ലിട്ടത്. ആലുവ ബി.എസ്.എൻ.എൽ, വനിതാ പൊലീസ് സെൽ ഓഫീസുകൾക്ക് സമീപം ആറു നിലകളിലായി ആറു കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിയാണ് ആദ്യഘട്ട പൈലിംഗിന് ശേഷം നിർത്തിയത്. നിർമ്മാണത്തിന് ഗുണമേന്മയില്ലാത്ത ഇരുമ്പുകമ്പി ഉപയോഗിച്ചത് വിവാദമായതിനെ തുടർന്ന് മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള കമ്പി ഉപയോഗിച്ചെന്ന് കരാറുകാരൻ അവകാശപ്പെട്ടെങ്കിലും ഒരാഴ്ചത്തെ പൈലിംഗിന് ശേഷം പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു.

വയോജനങ്ങൾക്ക് താമസിക്കാനായി മുറികൾ, ഡോർമെട്രികൾ എന്നിവയും വിനോദ കേന്ദ്രങ്ങൾ, ഭക്ഷണശാല, ചർച്ചാ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ സംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. പൈപ്പ് ലൈൻ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിൻെറ നിർമ്മാണം.