തൃക്കാക്കര : അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വാഴക്കാല കുന്നേപ്പറമ്പിൽ സി.എ.സിയാദിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സിയാദ് ഉപേക്ഷിച്ച മുണ്ടിലും,ഷർട്ടിലും കണ്ടെത്തിയ ചോരക്കറ സിയാദിന്റേതല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.സിയാദിന്റെ ഉടുപ്പുകളാണിതെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. ആഴ്ചകൾ മുമ്പ് വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റിരുന്നുവെന്നും അന്ന് സിയാദ് ധരിച്ചിരുന്ന ഉടുപ്പുകളാണ് ഇതെന്നും ബന്ധുക്കൾ പറയുന്നു.എന്നാൽ മരിച്ച ദിവസം സിയാദിന്റെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഒമ്പതിനാണ് വാഴക്കാല കുന്നേപ്പറമ്പ് സ്വദേശി വി.എ. സിയാദിനെ (46) വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണത്തിന് തലേന്ന് സിയാദും സഹോദരനുമായി വാക്കുതർക്കമുണ്ടായതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.വാഴക്കാലയിൽ താമസിക്കുന്ന സഹോദരന്റെ വീട്ടിൽ വച്ചായിരുന്നു വാക്കുതർക്കമുണ്ടായത്.സംഭവദിവസം രാവിലെ തൊട്ടടുത്ത പറമ്പിലേക്ക് വസ്ത്രമടങ്ങുന്ന പൊതി എറിയുന്നതായി സമീപത്തെ തുണിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
സിയാദിന്റെ ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീർഹുസൈൻ, ലോക്കൽ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റുമായ കെ.എ ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാർ എന്നിവരുടെ മൊഴി തൃക്കാക്കര പൊലീസ് രേഖപ്പെടുത്തി.