ആലുവ: തുരുത്തിൽ പാണ്ടിപ്പുഴ മുതൽ ഉസ്മാനിയ വരെ ഒന്നര കിലോമീറ്ററിനുള്ളിൽ കുടിവെള്ള വിതരണ പൈപ്പ് ലൈൻ പൊട്ടൽ തുടരുന്നു. നിലവിൽ രണ്ടിടങ്ങളിൽ പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്. മാസങ്ങൾക്ക് മുമ്പ് മുന്നൂറ് മീറ്ററിനുള്ളിൽ നാലിടത്ത് പൊട്ടി. ഇവിടെ സ്ഥാപിച്ചിട്ടുള്ള ജല വിതരണക്കുഴൽ പൊതുമരാമത്ത് റോഡിന്റെ മദ്ധ്യഭാഗത്തു കൂടിയാണ് പോകുന്നത്. വർഷങ്ങൾക്ക് മുമ്പ് റോഡ് വീതികൂട്ടിയപ്പോൾ പൈപ്പുലൈൻ റോഡിന്റെ മദ്ധ്യഭാഗത്തായി. വാഹനങ്ങൾ ഓടുന്നതിന്റെയും വിതരണക്കുഴലിലെ സമ്മർദ്ദത്തിന്റെയും ഫലമായാണ് പൈപ്പുകൾ അടിക്കടി പൊട്ടി ജലം പാഴാകുന്നത്.
പൈപ്പ് നന്നാക്കുന്നതിനായി റോഡ് കുത്തിപ്പൊളിക്കേണ്ടി വരുന്നതിനാൽ ഗതാഗതവും ദുർഘടമാകുന്നു. ഈ റോഡ് ബി.എം.ബി.സി നിലവാരത്തിലാക്കാൻ പദ്ധതിയുണ്ടെന്നിരിക്കെ റോഡിന് മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന കുടിവെള്ള വിതരണ ലൈൻ മാറ്റി വശങ്ങളിൽ സ്ഥാപിക്കണം. വെള്ളപ്പൊക്കം വർഷകാലങ്ങളിൽ ദുരിതം വിതയ്ക്കുന്ന തുരുത്ത് ഗ്രാമത്തിലെ ശുദ്ധജല വിതരണം ഏറിയപങ്കും ജല അതോറിറ്റി കുടിവെള്ള പൈപ്പുകളെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ കടുത്ത വേനലിൽ കിണറുകൾ വറ്റുമ്പോഴും ആശ്രയമാകുന്നത് ഈ കുടിവെള്ള വിതരണമാണ്.
കുടിവെള്ള വിതരണ തടസം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി അൻവർ സാദത്ത് എം.എൽ.എക്ക് നിവേദനം നൽകി.