വൈപ്പിൻ : ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് നിർഭാഗ്യം.കഴിഞ്ഞ ഒരു മാസമായി ഇവരുടെ ജീവിതം താളം തെറ്റുകയാണ്. പൊതുവെയുള്ള സാമ്പത്തിക മാന്ദ്യം ലോട്ടറി വിൽപ്പനയെയും ബാധിച്ചു. ദിവസവും അഞ്ച് ടിക്കറ്റുകൾ എടുത്തിരുന്നവർ ഒന്നും രണ്ടും ടിക്കറ്റുകൾ വാങ്ങുന്നവരായി. ഒരു ടിക്കറ്റ് വീതം എടുത്തിരുന്നവരാകട്ടെ എടുക്കാതെയുമായി.
അതിനിടയിലാണ്ഈ മാസം ഒന്നാം തിയതി സർക്കാർ ടിക്കറ്റ് വില വർദ്ധിപ്പിച്ചത്. കേന്ദ്ര സർക്കാർ ലോട്ടറി ടിക്കറ്റുകൾക്ക് 28 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതാണ് കാരണം. 30 രൂപയിൽ നിന്ന് ടിക്കറ്റ് വില 40 രൂപയായി. ഇതോടെ ജനം ടിക്കറ്റ് എടുക്കുന്നതിൽ വിമുഖത കാട്ടി തുടങ്ങി. ഇതിനിടെ കൊറോണ ഭീതി വന്നതോടെ ലോട്ടറി തൊഴിലാളികൾക്ക് ഒരടി കൂടി കിട്ടി. ജനം കഴിയുന്നതും പുറത്തിറങ്ങാതായി. അത്യാവശ്യ കാര്യങ്ങൾക്ക് ഇറങ്ങുന്നവർ അക്കാര്യം മാത്രം നിർവഹിച്ചു മടങ്ങുന്നു. ടിക്കറ്റെടുക്കാനും സംസരിക്കാനുമൊന്നും ജനങ്ങൾ താല്പര്യമെടുക്കുന്നില്ല. ഫലത്തിൽ ഭാഗ്യക്കുറി വിൽപ്പന താഴേക്ക് കൂപ്പുകുത്തി.
30 രൂപയുടെ ടിക്കറ്റ് വിറ്റാൽ ലഭിച്ചിരുന്നത് 5 രൂപയായിരുന്നു. 40 രൂപയാക്കിയപ്പോൾ 6 രൂപ ലഭിക്കുമെന്ന് പറയാമെങ്കിലും മുൻപ് വിറ്റിരുന്നതിന്റെ പകുതി പോലും വിൽക്കപ്പെടുന്നില്ല. എങ്ങിനെയും വിറ്റഴിക്കാൻ വേണ്ടി രണ്ട് ടിക്കറ്റ് എടുക്കുന്നവർക്ക് എഴുപത് രൂപക്കാണ് ഇപ്പോൾ വിൽപ്പന . രണ്ട് ടിക്കറ്റ് വിൽക്കുമ്പോൾ ലാഭം കിട്ടുന്നത് വെറും രണ്ട് രൂപ.
കൊറോണജാഗ്രത പരിഗണിച്ച് ടിക്കറ്റ് വില പഴയ നിരക്കിലേക്കാൻ സർക്കാരിന് കഴിയും . സർക്കാരിന് വരുമാനം കുറയുമെങ്കിലും തങ്ങളെ പിടിച്ചു നിർത്താൻ ഇക്കാര്യം പരിഗണിക്കണമെന്നാണ് ലോട്ടറി തൊഴിലാളികളുടെ ആവശ്യം.
ഭാഗ്യമില്ലാതെ .... ആദ്യം സാമ്പത്തിക മാന്ദ്യം
പിന്നെ ടിക്കറ്റ് വിലവർദ്ധന
ഇപ്പോൾ കൊറോണ