photo
കളഞ്ഞുകിട്ടിയ സ്വർണമാല ഉടമ അരുണിനെ ശ്യാം സുരേഷ്, ദിനുരാജ്, ശരത്ത് എന്നിവർ പൊലീസ് സ്റ്റേഷനിൽ വച്ച് തിരിച്ചേൽപ്പിക്കുന്നു

വൈപ്പിൻ : കളഞ്ഞുകിട്ടിയ രണ്ടുപവന്റെമാല തിരികെ നൽകി യുവാക്കൾ മാതൃകയായി. വല്ലാർപാടം ഡി പി വേൾഡിലെ ജോലിക്കാരായ ഞാറക്കൽ മഞ്ഞനക്കാട് മരോട്ടിത്തറ ശ്യാം സുരേഷ്, ചെറായി തുപ്പത്തിൽ ദിനുരാജ്, അയ്യമ്പിളി പെരുംപാടത്ത് ശരത്ത് എന്നിവരാണ് കളഞ്ഞുകിട്ടിയ മാല ഭദ്രമായി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഇവിടെത്തന്നെ ജോലി ചെയ്യുന്ന പള്ളുരുത്തി അറക്കപ്പറമ്പിൽ അരുണിന്റെതായിരുന്നു മാല.

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിനിടെ ഡി പി വേൾഡിന്റെ ഗേറ്റിനു പുറത്ത് വല്ലാർപാടം റോഡിൽ വെച്ചാണ് മാല നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മൂന്നംഗ യുവസംഘം. റോഡിൽ കിടന്നിരുന്ന മാല ശ്രദ്ധയിൽപെട്ടതോടെ ഇവർ ഇതെടുത്ത് പരിശോധിച്ചു നോക്കി . സ്വർണമാണെന്ന് മനസിലായതോടെ വീട്ടിലേക്ക് പോകുന്ന വഴി ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിനിടെ മാല നഷ്ടപ്പെട്ട വിവരം ഉടമ അരുൺ മുളവുകാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്ന മാല അരുണിന്റെതാണെന്ന് തെളിഞ്ഞത്. തുടർന്ന് ഞാറക്കൽ സ്റ്റേഷനിൽ എത്തിയ അരുണിന് എസ്. ഐ സംഗീത് ജോബിന്റെ സാന്നിദ്ധ്യത്തിൽ മൂന്നംഗസംഘം നേരിട്ട് മാല കൈമാറി. യുവാക്കളുടെ സത്യസന്ധതയെ അരുണും പൊലീസും അഭിനന്ദിച്ചു.