അങ്കമാലി: കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനത്തിന് സർക്കാരിനും ആരോഗ്യഏജൻസികൾക്കും ഒപ്പം അങ്കമാലി ബ്ലോക്കിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും രംഗത്തിറങ്ങണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. സർക്കാർ ആരോഗ്യവകുപ്പിന്റെയും സന്നദ്ധസംഘടനകളുടേയും പ്രവർത്തനങ്ങളെ വാർഡ് തലത്തിൽ ഏകോപിപ്പിക്കുന്നതിന് വാർഡ് മെമ്പർമാർ ജാഗ്രത പുലർത്തണം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ അപ്പോഴപ്പോൾ ആരോഗ്യവകുപ്പ് വാളണ്ടിയർമാരുമായി ബന്ധപ്പെടുത്തി നിരീക്ഷണത്തിലാക്കുവാൻ പഞ്ചായത്ത് മെമ്പർമാർ ജാഗ്രത പുലർത്തണമെന്നും യോഗം നിർദ്ദേശിച്ചു. തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ജനങ്ങളുടെ ഭയാശങ്കകൾ ദുരീകരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ ആഹ്വാനം സ്വീകരിച്ച് ഉത്സവങ്ങളും തിരുന്നാളുകളും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും ആർഭാടരഹിതമാക്കണമെന്നും യോഗം നിർദ്ദേശിച്ചു. യോഗത്തിൽ പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു.