ആലുവ: കൊറോണ പരിശോധനയുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ ഇന്നലെഎത്തിയത് 74 പേർ. ഇവരിൽ 14 പേരെ കൂടുതൽ പരിശോധനയ്ക്കും സാമ്പിൾ ശേഖരിക്കുന്നതിനും നിരീക്ഷണത്തിനുമായി കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

ബാക്കിയുള്ളവരെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അറിയിച്ച ശേഷം വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നറിയിച്ച് വിട്ടയച്ചു. ശനിയാഴ്ചയെത്തിയ വിനോദസഞ്ചാരികളായ രണ്ട് ബ്രിട്ടീഷുകാർ ഇപ്പോഴും ജില്ലാ ആശുപത്രിയിലെ പേവാർഡിലുണ്ട്. ഇവരുടെ സ്രവം ശനിയാഴ്ച പരിശോധനയ്ക്കായി മെഡിക്കൽ സംഘം ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമെ ഇവരെ വിട്ടയക്കുകയുള്ളു.
ഇന്നലെ എത്തിയവരിൽ രണ്ട് പേർ എയർപോർട്ടിലെ ടാക്‌സി ഡ്രൈവർമാരായിരുന്നു. കൊറോണ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരെന്ന നിലയിലാണ് ഇവരെ പരിശോധിച്ചത്. എന്നാൽ രോഗ ലക്ഷണം ഇല്ലാത്തതിനാൽ വീട്ടിലെ നിരീക്ഷണത്തിൽ കഴിയുവാനായി മടക്കി. 72 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരാണ്. ഇറ്റലി, സ്‌പെയിൻ, ജർമ്മനി, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവർ എത്തിയത്.