aswin

കിഴക്കമ്പലം: ഓൺലൈൻ വ്യാപാര സൈ​റ്റിൽ ഉത്പന്ന വില്പന പരസ്യം നൽകി ഉപഭോക്താക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സഹോദരന്മാരിൽ ഒരാൾ അറസ്​റ്റിൽ. തിരുവനന്തപുരം മൺവിള അശ്വതി വീട്ടിൽ അശ്വിൻ റാമിനെയാണ് (കണ്ണൻ -25 ) കുന്നത്തുനാട് പൊലീസ് അറസ്​റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിൽ കിഴക്കമ്പലത്ത് സൈബർ വ്യാപാരിയെന്ന പേരിൽ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിതരണ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയക്കാൾ കുറഞ്ഞ വിലക്ക് ഉപകരണങ്ങൾ നൽകാമെന്ന് പറഞ്ഞ് ഒാൺലൈൻ വഴി പരസ്യം നൽകി. ഇതറിഞ്ഞെത്തിയവരിൽ നിന്ന് അഡ്വാൻസായി പണം വാങ്ങി. മാസങ്ങൾ കഴിഞ്ഞിട്ടും ഉത്പന്നം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവർ പരാതിപ്പെട്ടത്. ഇതോടെ പ്രതികൾ നാട്ടിലേക്ക് കടന്നു. തുടർന്ന്, ഇവരുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഇടപാടുകാർ ബഹളം വച്ചിരുന്നു.

നേമം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കുന്നത്തുനാട് പൊലീസിന് കൈമാറിയത്. 14 പേരിൽ നിന്ന് തട്ടിപ്പ് നടത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തോപ്പുംപടി, എളമക്കര തുടങ്ങി എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. സ്ഥാപന ഉടമയായ ഇയാളുടെ ജേഷ്ഠൻ കേസിലെ ഒന്നാം പ്രതിയാണ്. പണം ഇവരുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്നും കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കൂടുതൽ അറസ്​റ്റുണ്ടാകുമെന്നാണ് സൂചന.