മൂവാറ്റുപുഴ:പായിപ്രയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. മാനാറി കിഴക്കനേട് ഹരിജൻ കോളനിയിലേയ്ക്ക് പോകുന്ന വഴിയിലെ സ്വകാര്യ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് നാട്ടുകാർ വാഹനം പിടികൂടിയത്. ഐരാപുരത്ത് നിന്നെത്തിയ വാഹനത്തിൽ നിന്നാണ് മാലിന്യം തള്ളാൻ ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്.വാഹനം പിടികൂടിയതിനെ തുടർന്ന് ഒരു സംഘം ആളുകൾ സ്ഥലത്തെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർ പി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ പരാതി നൽകിയതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.