വൈപ്പിൻ : അഞ്ഞൂറിലേറെ പേർ പങ്കെടുത്ത വിവാഹ സദ്യ നടത്തിയ ചെറായിയിലെ ഓഡിറ്റോറിയം ആരോഗ്യവകുപ്പ് അടപ്പിച്ചു. ചെറായി വി .വി സഭ വക ഗൗരീശ്വര ഓഡിറ്റോറിയത്തിനാണ് പൂട്ട് വീണത് . വിവാഹത്തിലും സദ്യയിലും പങ്കെടുത്തവരുടെ ഫോട്ടോകളും വീഡിയോകളും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ ജാഗ്രതയുടെ ഭാഗമായി 50 പേരിലധികം സംബന്ധിക്കുന്ന ചടങ്ങുകൾക്ക് ഓഡിറ്റോറിയം നൽകരുതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ നിർദേശം നൽകിയിരുന്നു. തിരുകൊച്ചി പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസെടുക്കുന്നതെന്ന് വി .വി സഭ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.സദ്യ നടക്കുന്ന വിവരംഇന്നലെ മുനമ്പം പൊലീസ് അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ എം. എ സോജി, പി. ജി ആന്റണി എന്നിവർ സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.