atm
എ.ടി.എം കൗണ്ടറിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ

കൊച്ചി: തോപ്പുംപടിയിലെ രണ്ട് എ.ടി.എം കൗണ്ടറുകളിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് സ്വദേശികളായ മുഹമ്മദ് നുഹ്‌മാൻ, ഷാജഹാൻ, ജോസഫ് സക്കറിയ എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു.കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.

തോപ്പുംപടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്, ചുള്ളിക്കലിനെ ഇൻഡസ് ബാങ്ക് എ.ടി.എം കൗണ്ടറുകളിൽ നിന്നാണ് പണം തട്ടിയെടുത്തത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ റേഡിയോളജിസ്‌റ്റ് ഡോ. ഷബീർ മുഹമ്മദിന്റെ പണമാണ് നഷ്‌ടമായത്. ഡോക്‌ടറുടെ പരാതിയിലാണ് തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പെട്രോൾ പമ്പിൽ പണത്തിനായി എ.ടി.എം കാർഡുകൾ നൽകുമ്പോൾ സ്‌കിമ്മർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തും. പിന്നീട് വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി. രാജ്യവ്യാപകമായി ഇവർ തട്ടിപ്പു നടത്തിയതായാണ് വിവരം. വിശദമായി ചോദ്യം ചെയ്യാൻ പ്രതികളെ അടുത്ത ദിവസം കസ്‌റ്റഡിയിൽ വാങ്ങും. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.തോപ്പുംപടി സി.ഐ. എൻ.എ അനൂപ്, എസ്.ഐമാരായ അഭിലാഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.