കൊച്ചി: കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താൻ കൊച്ചി സിറ്റി പൊലീസും രംഗത്ത്. എറണാകുളം സൗത്ത്, നോർത്ത് , തൃപ്പൂണിത്തുറ റെയിൽവേ സ്‌റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നതിന് പൊലീസ് സംഘത്തെ നിയോഗിച്ചു. പാരാമെഡിക്കൽ സ്‌റ്റാഫും സംഘത്തിലുണ്ട്. നഗരത്തിലെ 24 പൊലീസ് സ്‌റ്റേഷൻ പരിധിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവർ വീടുകൾ സന്ദർശിക്കും. വിജിലൻസ്, ക്രൈംബ്രാഞ്ച് സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്.
യാത്രക്കാരെ പരിശോധിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി തുറമുഖത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, മാളുകൾ, മത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശന ജാഗ്രതയും പുലർത്തുന്നുണ്ട്. കൊച്ചിയിലെ പൊലീസ് കമ്മിഷണറേറ്റിലെ കീഴിലെ എല്ലാ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെയും ഇടം കണ്ടെത്തി കോറോണ എങ്ങനെ തടയാം, ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ എങ്ങനെ ആശുപത്രിയെ സമീപിക്കാം എന്നതിനെക്കുറിച്ച് സ്റ്റേഷൻ തിരിച്ചുള്ള അവബോധ ക്ലാസ് എടുക്കുന്നതിന് ഹിന്ദി, തമിഴ് സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.