കോലഞ്ചേരി: കൊറോണ വന്നാലും കോഴികളെ കൊന്നാലും സമൂഹമാദ്ധ്യമങ്ങൾക്ക് കോളുതന്നെ. കേട്ടപാതി കേൾക്കാത്ത പാതി സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളും പടങ്ങളും ശേഖരിച്ച് പോസ്റ്റ് ചെയ്യാനാണ് മത്സരം. ലൈക്കുകൾ ഏറി വൈറലായാലേ അടങ്ങൂ. ബ്രേക്കിംഗ് ന്യൂസുകൾ, ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ, ട്രോളുകൾ, വാർത്ത ഇങ്ങനെ ദിവസവും ചൂടുള്ള വിഷയങ്ങളുമായി സമൂഹമാധ്യമങ്ങൾ അരങ്ങുവാഴുകയാണ്. ഒന്നിനു പുറകെ ഒന്നായി സമൂഹമാധ്യമങ്ങളിലൂടെ ഒരു കടിഞ്ഞാണുമില്ലാതെ പ്രചരിക്കുന്ന കാര്യങ്ങളിൽ വാസ്തവമേത്, വ്യാജനേത് എന്നു തിരിച്ചറിയാൻ പൊതു ജനം കഷ്ടപ്പെടുകയാണ്. ർവിദേശരാജ്യങ്ങളിൽ നിന്നു കേരളത്തിൽ മടങ്ങിയെത്തിയവരിലൂടെ നമ്മുടെ നാട്ടിലും രോഗബാധയുടെ സാദ്ധ്യത തെളിഞ്ഞതോടെ ആരോഗ്യരംഗത്തെ വിദഗ്ദ്ധരും മുറിവൈദ്യന്മാരുമെല്ലാം പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനുള്ള മാർഗ നിർദേശങ്ങളുമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരിൽ ആരു പറയുന്നതാണ് ശരി എന്നറിയാതെ വിഷമിക്കുകയാണ് ജനം.

വ്യാജ സന്ദേശത്തിന് കുറവില്ല

മദ്യസേവയിലൂടെ കൊറോണയെ തടയാം, കേട്ട പാതി കേൾക്കാത്ത പാതി മദ്യ കുപ്പിയുമായി ഓടലില്ല കാര്യം. പ്രചരിപ്പിച്ചയാളുടെ ഉദ്ദേശം കൂടി തിരിച്ചറിയണം.വൈറസ് ബാധിക്കാതിരിക്കാൻ ചാണകത്തിൽ കുളിച്ചാൽ മതിയെന്ന മട്ടിൽ നമ്മുടെ നാട്ടിൽ പ്രചരിച്ച വ്യാജസന്ദേശത്തിന് വലിയ പ്രചാരമാണ് ലഭിച്ചത്. രോഗം മാറാൻ രസം കുടിച്ചാൽ മതിയെന്നും വ്യാജ വൈദ്യന്മാർ സമൂഹമാധ്യമങ്ങളിലൂടെ ഉപദേശം നൽകിയിരുന്നു.കടുകു തിന്നാൽ കോറോണ മാറും എന്നു വരെ വ്യാജന്മാർ പറഞ്ഞു പരത്തി.

ജലദോഷം ബാധിച്ചതിനെ തുടർന്ന് ഡോക്ടറെ കാണിച്ച യുവാവിനെ സുഹൃത്ത് തമാശയ്ക്ക് കൊറോണ വൈറസ് ബാധിതനാക്കിയതും നവ മാദ്ധ്യമങ്ങളിൽ തന്നെ. കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നതിലൂടെ കൊറോണ വൈറസ് പരക്കുമെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകുന്നതായുള്ള പോസ്റ്റും പ്രചരിക്കുന്നുണ്ട്.

ഇനിയും കളിച്ചാൽ പിടി വീഴും

ഭീതി പരത്തുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. അത്തരക്കാരെ പിടികൂടാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശവുമുണ്ട്. രോഗ ബാധയുണ്ടെന്നു സംശയമുള്ളവരെ നീരീക്ഷണത്തിനായി ഐസലേഷൻ വാർഡിലേക്കു മാ​റ്റുന്നതുപോലെ സമൂഹമാധ്യമങ്ങൾ വഴി തെ​റ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടി ഐസലേഷൻ വാർഡിൽ പാർപ്പിക്കണമെന്ന ട്രോളും നവ മാദ്ധ്യമങ്ങളിലുണ്ട്.സമൂഹ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും അതേപോലെ വിശ്വസിക്കാനോ മ​റ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാനോ പാടില്ല. സന്ദേശം അയച്ചതാരാണ്. അയാൾ വിശ്വസനീയനാണോ. സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വല്ല കഴമ്പുമുണ്ടോ എന്നെല്ലാം അന്വേഷിക്കാതെ ഫോർവേഡു ചെയ്താൽ, ചെയ്യുന്നവരും പെടുമെന്നോർക്കുക.