കൊറോണ വൈറസ് ഭീതിയിലാണ് ലോകം. പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് വൈറസ് പെട്ടെന്ന് കടന്നാക്രമിക്കുന്നത്. വ്യക്തിശുചിത്വം കർശനമായി പാലിക്കുന്നതിനൊപ്പം പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്. അതിനുള്ള എളുപ്പവഴിയാണ് നല്ല ഭക്ഷണം ശീലമാക്കുന്നത്. എന്താണ് നല്ല ഭക്ഷണം? പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആന്റി ഓക്സിഡന്റുകൾ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിച്ച് വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ആവശ്യമായ അളവിൽ ശരീരത്തിലെത്തുന്നുവെന്ന് ഉറപ്പുവരുത്തണം.
വിറ്റാമിൻ സി
ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങി അല്പം പുളിയുള്ള സിട്രസ് ഫലങ്ങളിലാണ് വിറ്റമിൻ സി കൂടുതൽ അളവിൽ അടങ്ങിയിരിക്കുന്നത്. ചീര പോലുള്ള ഇലക്കറികൾ, ബ്രൊക്കോളി, കിവി, സ്ട്രോബറി, മാതളനാരങ്ങ, മധുരക്കിഴങ്ങ് തുടങ്ങിയവയും വിറ്റമിൻ സിയുടെയും അയണിന്റെയും കലവറയാണ്.
വിറ്റാമിൻ ഇ
ആൽമൺഡ്, കശു അണ്ടിപ്പരിപ്പ് തുടങ്ങിയ അണ്ടിപ്പരിപ്പ് വർഗങ്ങളിലാണ് വിറ്റാമിൻ ഇ കൂടുതൽ. കക്ക, ചിപ്പി, ഞണ്ട് തുടങ്ങിയ ഷെൽ ഫിഷുകളിലും വിറ്റാമിൻ- ഇ നല്ല അളവിലുണ്ട്. ഭക്ഷണത്തിൽ എണ്ണ തീരെ ഉപയോഗിക്കാതെ കഴിച്ചാൽ വിറ്റമിൻ- ഇ ലഭിക്കാതെ വരും. അപൂരിത കൊഴുപ്പുള്ള (അൺസാച്ചുറേറ്റഡ്) ഭക്ഷണമാണ് കഴിക്കേണ്ടത്. മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ് പൂരിതമാണ് (സാച്ചുറേറ്റഡ്). ചില പോഷകങ്ങൾ ആഗിരണം ചെയ്യാൻ പൂരിത കൊഴുപ്പും ആവശ്യമായതിനാൽ പാചകത്തിന് മീഡിയം ചെയിൻ ട്രൈഗ്ളിസറൈഡ്സ് ഉള്ള വെളിച്ചെണ്ണ ഉപയോഗിക്കാനാണ് ഡയറ്റീഷ്യന്മാർ നിർദ്ദേശിക്കാറുള്ളത്. അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.
സിങ്ക്
ഓയ്സ്റ്റർ (മുരിങ്ങയിറച്ചി), കക്ക തുടങ്ങിയ തൊണ്ടോടു കൂടിയ മത്സ്യങ്ങളിൽ നിന്നാണ് സിങ്ക് ലഭിക്കുന്നത്. എന്നാൽ, അധികമായാൽ അമൃതും വിഷം എന്ന ചൊല്ല് മറക്കരുത്.
കരോറ്റിനോയിഡ്സ്
കാരറ്റിന് ആ നിറം നൽകുന്നത് കരോറ്റിനോയിഡ്സ് ആണ്. രോഗപ്രതിരോധ ശേഷി കൂട്ടാൻ കരോറ്റിനോയിഡ്സ് സഹായിക്കും. പപ്പായ, മാങ്ങ തുടങ്ങിയ ഫലങ്ങളിലും കരോറ്റിനോയിഡ്സ് അടങ്ങിയിട്ടുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ്
മത്തി, അയല തുടങ്ങിയ നാടൻ മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. വാൽനട്ട്, ഫ്ലാക്സ് സീഡ് തുടങ്ങിയവയിലും ഒമേഗ 3 ഫാറ്റി ആസിഡ് നല്ല അളവിൽ അടങ്ങിയിട്ടുണ്ട്.
ഫ്ലേവനോയിഡ്
ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകളിലൊന്നാണ് ഫ്ലേവനോയിഡ്സ്. കൂണിൽ ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. മറ്റ് നിരവധി പോഷകമൂല്യങ്ങളും കൂണിനുണ്ട്.
ഗുളിക കഴിക്കുന്നത് ശ്രദ്ധിച്ചു മതി
വിറ്റാമിനുകളുടെ കുറവ് പരിഹരിക്കാൻ ഗുളികരൂപത്തിലും അവ വിപണിയിൽ ലഭ്യമാണ്. വിറ്റാമിൻ- സി, വിറ്റാമിൻ- ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അത്തരത്തിൽ ലഭിക്കും. എന്നാൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ അത്തരം ടാബ്‌ലറ്റുകൾ വാങ്ങി കഴിക്കരുത്. ഭക്ഷണത്തിലൂടെ കഴിച്ചു ലഭിക്കുന്ന വിറ്റാമിനുകളുടെയും ഗുളികരൂപത്തിൽ ലഭിക്കുന്ന വിറ്റാമിനുകളുടെയും ഫലം വ്യത്യസ്തമാണ്.
ഭക്ഷണത്തിലൂടെയാകുമ്പോൾ ആവശ്യമുള്ള വിറ്റാമിനുകൾ മാത്രം ശരീരം സ്വീകരിച്ച് ബാക്കിയുള്ളവ പുറന്തള്ളുകയാണ് ചെയ്യുക. എന്നാൽ, ഗുളിക രൂപത്തിലുള്ളവയെ ശരീരം മുഴുവനായും ആഗിരണം ചെയ്യും. ശരീരത്തിന് ആവശ്യമില്ലാത്ത വിറ്റാമിൻ ആണ് ഗുളിക രൂപത്തിൽ കഴിക്കുന്നതെങ്കിൽ അതിന് വിഷഗുണം വരാൻ സാധ്യത എറെയാണ്.
രഹ്ന രാജൻ
സീനിയർ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
ആസ്റ്റർ മെഡിസിറ്റി
കൊച്ചി