കോലഞ്ചേരി: വേനൽ കടുത്തതോടെ സംസ്ഥാനത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. പാൽ ഉൽപാദനത്തിൽ ഇടിവ് വന്നതിനൊപ്പം കാലിത്തീറ്റ, വൈക്കോൽ എന്നിവയുടെ വിലവർദ്ധനയും പച്ചപ്പുല്ല് കിട്ടാനില്ലാത്തതുമാണ് കർഷകരെ കുഴക്കിയത്.
കഴിഞ്ഞവർഷം കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 1,030 രൂപയും ഒരു കെട്ട് വൈക്കോലിന് 8 രൂപയുമായിരുന്നു വില. ഇപ്പോൾ കാലിത്തീറ്റയ്ക്ക് 1,450 രൂപയാണ് നൽകേണ്ടത്. വൈക്കോലിനാകട്ടെ 11 രൂപയും. 20 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് 270 രൂപ ഒരുദിവസം ചെലവ് വരുന്നു. അന്തരീക്ഷ ഊഷ്മാവിലുണ്ടായ വർധനമൂലം 10 ലീറ്റർ പാൽ ദിവസേന നൽകിയിരുന്ന പശുവിൽനിന്ന് ഇപ്പോൾ കിട്ടുന്നത് 7 ലീറ്റർ മാത്രമാണ്. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞിട്ടും കാലിത്തീറ്റയുടെ വില കുറയാത്തതാണ് കർഷകരെ വലയ്ക്കുന്നത്. ക്ഷീരകർഷകന് കാലിത്തീറ്റയും പുല്ലും മറ്റും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയാൽ മാത്രമേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നാണ് ക്ഷീര കർഷകർ പറയുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് പാൽ ഉൽപാദനത്തെ ബാധിച്ചതായി കർഷകർ പറയുന്നു. അതോടൊപ്പം ജലക്ഷാമംകൂടി വന്നതോടെ പരിപാലനവും ഏറെ ദുഷ്‌കരമായി.
കാലിത്തീറ്റ ചാക്കൊന്നിന് 1,030 രൂപ ഇപ്പോൾ 1,450 രൂപ
ഒരു കെട്ട് വൈക്കോലിന് 8 രൂപ ഇപ്പോൾ 11 രൂപ