കോലഞ്ചേരി: മഹാമാരിയെ ഒരുമയോടെ നേരിടുമ്പോഴും ചിരിക്കാൻ വക നൽകി നവ മാദ്ധ്യമങ്ങളിൽട്രോളുകളുടെ പൂരം.ഫോൺ വിളിക്കുമ്പോൾ ആദ്യം കേൾക്കുന്ന ചുമയും പിന്നാലെ വരുന്ന മുന്നറിയിപ്പും വരെ ട്രോളന്മാർ ആഘോഷിക്കുകയാണ്. ഭാര്യയെ ഫോണിൽ വിളിക്കുന്ന ഭർത്താവ് ആദ്യം കേൾക്കുന്ന ചുമയിൽ വീട്ടിലാരെടീ അസമയത്ത് എന്ന് ചോദിക്കുന്നിടം വരെയെത്തി ട്രോളുകൾ.

തൊട്ടു തൊട്ടു തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടീ നിന്നെ.... ഇടയ്ക്കിടക്കുള്ള തൊട്ടു നോക്കലുണ്ടല്ലോ...കണ്ണിലും, മൂക്കിലും, വായിലുമൊക്കെ അത് തല്ക്കാലം ഒഴിവാക്കുക. സോപ്പ് ഉപയോഗിച്ചോ, സാനി​റ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കി വച്ച് കൊറോണാ വൈറസിനെ നമുക്ക് ധൈര്യമായി നേരിടാം .ട്രോൾ വീഡിയോയിൽ ആദ്യകാല നടീ നടൻമാർ പാട്ടു പാടി അഭിനയിക്കുമ്പോൾ പ്രേം നസീറിന്റെ ശബ്ദത്തിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

ചെല്ലക്കിളി നില്ല് പറയട്ടെ, തള്ളെ കൊറോണ എന്ന് കേക്കുമ്പോ പേടിച്ചോടണത് എന്തരണ്? രാജമാണിക്യം സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജാ സ്ലാംഗിലാണ് അടുത്ത വീഡിയോ ട്രോൾ.മറ്റൊരു ട്രോളിൽ കുമ്പളങ്ങി നൈ​റ്റ്‌സ് സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച രംഗമാണ് .വിദേശത്ത് നിന്നും അഞ്ചു വർഷം കഴിഞ്ഞെത്തിയ ഭർത്താവ് ആരോഗ്യ വകുപ്പിൽ റിപ്പോർട്ടു ചെയ്യാൻ ഭാര്യ നിർദ്ദേശിക്കുന്നതാണ് ട്രോളിന്റെ തീം. .കൊറോണയെ കുറിച്ച് ഒന്നുമറിയാത്തവരെ കുറിച്ചാണ് കൂടുതൽ ട്രോളുകൾ .കൊറോണ കേരളത്തിലുമെത്തിയെന്ന് പറയുമ്പോൾ പന്ത് കളി തുടങ്ങിയോ എന്ന് ചോദിക്കുകയും മറഡോണയല്ല കൊറോണയെന്നും കൊറോണയ്ക്ക് എന്താ പരിപാടിയെന്നും ചോദിക്കുന്ന രസകരമായ വീഡിയോ സോഷ്യൽ മീഡിയയി​ൽ ഇതിനകം തന്നെ വൈറലായി. സൈബർ പൊലീസ് വിഭാഗം കൊറൊണയെക്കുറിച്ചുളള ചർച്ചകൾ ആരംഭിച്ച ആദ്യഘട്ടം മുതൽ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയി​ട്ടുണ്ട്.