suneer
സുനീർ മുഹമ്മദ്

# 22 പവൻ സ്വർണം കണ്ടെടുത്തു

ആലുവ: അങ്കമാലി വേങ്ങൂരിൽ എം.സി റോഡിനോട് ചേർന്ന് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതി അങ്കമാലി പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് സുനീറ മൻസിലിൽ സുനീർ മുഹമ്മദിനെ (30) ആണ് നെടുമങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് അറസ്റ്റുചെയ്തത്. ഇയാളിൽ നിന്ന് കവർച്ച ചെയ്ത സ്വർണത്തിൽ 22 പവൻ കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പത്രസമ്മേളനത്തിൽ അറിയിച്ചു.

കവർച്ചയിൽ മുഖ്യപ്രതിക്കൊപ്പം ഉണ്ടായിരുന്ന കൊല്ലം കടയ്ക്കൽ പ്രിയസദനത്തിൽ കൊപ്ര ബിജു എന്ന് വിളിക്കുന്ന ബിജു വിശ്വനാഥൻ (40), സഹായം നൽകിയെന്ന് സംശയിക്കുന്ന കടയ്ക്കൽ സ്വദേശി പ്രവീൺ എന്നിവരാണ് ഒളിവിലാണ്.

ഫെബ്രുവരി 21നാണ് കേസിനാസ്പാദമായ സംഭവം നടന്നത്. വിശ്വജ്യോതി സ്‌കൂളിന് സമീപം പുതുവൽകണ്ടത്തിൽ പി.പി. തിലകന്റെ വീട് കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. തിലകനും കുടുംബവും ഗുരുവായൂർ ക്ഷേത്രത്തിൽ ദീപാരാധന തൊഴാൻ പോയപ്പോഴാണ് സംഭവം. പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇവർ ക്ഷേത്രദർശനം കഴിഞ്ഞ് രാത്രി 10.45 ഓടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.

മോഷ്ടിച്ച് സ്വർണം പലർക്കായിട്ടാണ് വിറ്റത്. 22 പവൻ സ്വർണം വിറ്റത് നെടുമങ്ങാട് പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ തിരിച്ചെടുത്ത് വില്പന നടത്തുന്നതിന് സാമ്പത്തികമായി സഹായിക്കുന്ന സംഘത്തിനാണ്. ഈ സ്വർണമാണ് റിക്കവറി ചെയ്തത്. മോഷണമുതലാണെന്ന് അറിഞ്ഞാണോ ഇവർ സ്വർണം വാങ്ങിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വില്പന നടത്തിക്കിട്ടിയ പണം പ്രതികൾ വീതം വച്ചെടുക്കുകയായിരുന്നു. വിരലടയാളം ലഭിക്കാത്ത വിധമാണ് പ്രതികൾ കവർച്ച നടത്തിയത്. എന്നാൽ പരിസരത്തെ സി.സി ടി.വിയിൽ നിന്ന് ലഭിച്ച കറുത്ത നിറമുള്ള സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. മോഷണത്തിന് ഉപയോഗിച്ച കാർ തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്കെടുത്തതാണ്. ഇപ്പോൾ ഇത് ബിജുവിന്റെ കൈവശമാണ്.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷം ബാക്കി സ്വർണവും മറ്റ് പ്രതികളെയും കണ്ടെത്തുമെന്നും എസ്.പി പറഞ്ഞു.

ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി സി.ഐ മുഹമ്മദ് റിയാസ്, എസ്.ഐ ജി. അരുൺ, എ.എസ്.ഐ പ്രമോദ്, ഉദ്യോഗസ്ഥരായ റോണി അഗസ്റ്റ്യൻ, സലിൻകുമാർ, ജീമോൻ, പ്രസീൻരാജ്, വിനോദ്, ബെന്നി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

# നഷ്ടമായത് ഭാര്യയുടെ 15 പവനും മരുമകളുടെ 25 പവനും

തിലകന്റെ ഭാര്യയുടെ 15 പവൻ സ്വർണവും മരുമകൾ അഖിലയുടെ 25 പവൻ സ്വർണവുമാണ് നഷ്ടമായത്. രണ്ടുനില വീട്ടിൽ താഴത്തെ കിടപ്പുമുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് അലമാരയിലെ സ്വർണം കവർന്നത് അറിയുന്നത്. താഴത്തെ കിടപ്പുമുറിയിലാണ് ഭാര്യ ചന്ദ്രികയുടെ 15 പവൻ സൂക്ഷിച്ചിരുന്നത്. മുകളിലത്തെ കിടപ്പുമുറിയിലാണ് മകൻ മനുവിന്റെ ഭാര്യ അഖിലയുടെയും കുട്ടിയുടെയും 25 പവൻ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. അലമാരയുടെ ലോക്കറുകൾ തകർത്തായിരുന്നു മോഷണം. സന്ധ്യയായാൽ വെളിച്ചമില്ലാത്ത വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പറമ്പിലൂടെ കടന്ന് മതിൽ ചാടിയാണ് മോഷ്ടാക്കൾ വീട്ടുവളപ്പിലേയ്ക്ക് കടന്നത്.

# സ്പെയർപാർട്ട്സ് കട പൂട്ടിയപ്പോൾ മോഷണത്തിനിറങ്ങി

കവർച്ചക്കേസിൽ പിടിയിലായ നെടുമങ്ങാട് അഴീക്കോട് സുനീറ മൻസിലിൽ സുനീർ മുഹമ്മദ് സ്പെയർപാർട്ട്സ് കട പൊളിഞ്ഞതിന് ശേഷമാണ് കവർച്ചയ്ക്കിറങ്ങുന്നത്. 2015ലായിരുന്നു ആദ്യ കവർച്ച. ഈ കേസിൽ പൊലീസ് പിടിയിലായതോടെ ഭാര്യയും മൂന്ന് വയസുള്ള മകളും സുനീറിനെ ഉപേക്ഷിച്ചുപോയി. സ്പെയർപാർട്സ് കടയുടമ എന്ന നിലയിലായിരുന്നു വിവാഹം നടന്നത്. ആദ്യ മോഷണക്കേസിൽ പിടിക്കപ്പെട്ട് കുടുംബം കലങ്ങിയതോടെ കൊപ്ര ബിജുവിനൊപ്പം മോഷണത്തിൽ സജീവമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.