ജാമ്യം നൽകാമെന്നും ഹൈക്കോടതി
കൊച്ചി : വാളയാറിൽ ദളിത് സഹോദരിമാരായ കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വിചാരണക്കോടതി വെറുതേവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ
ഹൈക്കോടതി ഉത്തരവിട്ടു. ഇവർക്ക് ജാമ്യം അനുവദിക്കാനും കോടതി നിർദേശിച്ചു. പ്രദീപ്കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണ് പ്രതികൾ.
വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പ്രതികൾക്കെതിരായ കുറ്റം വിചാരണക്കോടതിയിൽ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ച വരുത്തിയെന്നും അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പാളിച്ച വിധി എതിരാകാൻ കാരണമായെന്നും സർക്കാർതന്നെ അപ്പീലിൽ ബോധിപ്പിച്ചിരുന്നു.
13 വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒമ്പതു വയസുള്ള ഇളയ പെൺകുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയ അന്വേഷണസംഘം പ്രദീപ്കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. തുടർച്ചയായ പീഡനങ്ങളിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്സോ കോടതി വെറുതേവിട്ടത്.
തുടർന്നാണ് വിധി റദ്ദാക്കാനും തുടരന്വേഷണം ആവശ്യപ്പെട്ടും
സർക്കാരും പെൺകുട്ടികളുടെ അമ്മയും അപ്പീൽ നൽകിയത്. ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് അപ്പീൽ പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതു കണക്കിലെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്ത് പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കാനും ജാമ്യം നൽകാനും ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് നിശ്ചയിക്കാം.