പിറവം: അക്രമ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് നാടിനാവശ്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പൊളിച്ചെഴുത്ത് ആവശ്യമാണ്. ആയുധം എടുത്തുകൊണ്ടുള്ള രാഷ്ട്രീയമല്ല കേരളത്തിനാവശ്യം. വികസന രാഷ്ട്രീയമാണ് നമുക്ക് ആവശ്യം. നാടിന് കൂടുതൽ വികസനം നടത്താൻ കഴിയുന്നവരെ വേണം തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുവാൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും നല്ല കാര്യങ്ങൾ ചെയ്യാം. നന്മയുടെ രാഷ്ട്രീയം സമൂഹത്തിന് സമ്മാനിച്ചാൽ രാഷ്ട്രീയ രംഗം തന്നെ രസകരമാകും.വ്യത്യസ്ത ആദർശങ്ങളിൽ വിദ്യാർത്ഥികൾ വിശ്വസിച്ചിരുന്നുവെങ്കിലും പുറമെ നിന്നുള്ളവരെ കൊണ്ടുവന്ന് ക്യാമ്പസുകൾ കലാപഭൂമിയാക്കിയിരുന്നില്ല. മനുഷ്യനെ മനുഷ്യാനുക്കുന്ന രാഷ്ട്രീയമാണ് നാടിനാവശ്യമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ഇലഞ്ഞിയിൽ പിറവം ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ പ്രതാപന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജി.ഷിബു അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു, കെ.പി ധനപാലൻ , വി.ജെ പൗലോസ് , ജോസഫ് വാഴയ്ക്കൻ,എെ.കെ. രാജു, വിൽസൺ കെ.ജോൺ , അന്നമ്മ ആൻഡ്രൂസ്, ജെയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.