ആലുവ: സൗദിയിൽ വച്ച് ഇസ്ലാംമതം സ്വീകരിച്ച ശേഷം നാട്ടിലെത്തി ഹിന്ദുമത വിശ്വാസികളായ ഭാര്യയെയും മൂന്ന് പെൺമക്കളെയും വധഭീഷണയുയർത്തി മതം മാറ്റാൻ ശ്രമിച്ച കേസിന്റെ അന്വേഷണം ആലുവ ഡിവൈ.എസ്.പി ജി. വേണുവിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.

പ്രാഥമീക അന്വേഷണത്തിൽ കേസ് വളരെ ഗൗരവമുള്ളതാണെന്ന് ബോദ്ധ്യമായതിനാലാണ് നടപടി​. ഈസ്റ്റ് എസ്.ഐ വിനോദിന്റെ നേതൃത്വത്തിലായി​രുന്നു അന്വേഷണം തുടങ്ങി​യത്. മതം മാറുന്നതിനായി ഭീഷണിപ്പെടുത്തുന്നതും പ്രലോഭനങ്ങളും രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിരുദ്ധമാണ്. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇക്കാര്യത്തിൽ കേസ് പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും എസ്.പി 'കേരളകൗമുദി'യോട് പറഞ്ഞു.

അതേസമയം ഇന്നലെയും ആലുവ പൊലീസ് വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വീട്ടിലെത്തി യുവതിയുടെയും അയൽവാസികളുടെയും മൊഴിയെടുത്തു. ഹിന്ദുമത വിശ്വാസിയായി മാത്രമേ ജീവിക്കൂവെന്ന് ചാലയ്ക്കൽ പാലത്തിങ്കൽ വീട്ടിൽ റൈന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് പ്രതി സുലൈമാൻ എന്ന സുശീലൻ യുവതിയെയും മക്കളെയും വാക്കത്തിക്ക് വെട്ടാൻ ശ്രമിച്ചതിന് ദൃക്സാക്ഷികളായ അയൽവാസികളിൽ നിന്നും മൊഴിയെടുത്തു. തനിക്ക് ഭർത്താവായി സുശീലനെയാണ് വേണ്ടതെന്നും സുലൈമാനെ ആവശ്യമില്ലെന്ന് റെെനയും അച്ഛനെയാണ് വേണ്ടതെന്ന് മക്കളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കേസ് ശക്തമാകുകയും ജാതിഭേദമെന്യേ ജനവികാരം സുശീലനും സുശീലന്റെ സംരക്ഷകർക്കും എതിരായതോടെ ചിലർ സമവായ നീക്കവുമായി രംഗത്തെത്തിയിട്ടുണ്ട്. സുശീലനെ മാത്രം തങ്ങൾക്ക് മതിയെന്ന ഉറച്ച നിലപാടാണ് യുവതിക്കും കുടുംബത്തിനുമുള്ളത്.

# സി.പി.എം നേതാക്കൾ യുവതിക്ക് പിന്തുണയുമായെത്തി

യുവതിക്കും കുട്ടികൾക്കും പിന്തുണയുമായി സി.പി.എം നേതാക്കൾ വീട്ടിലെത്തി. സി.പി.എം ഏരിയാ സെക്രട്ടറി എ.പി ഉദയകുമാർ, ലോക്കൽ സെക്രട്ടറി കെ.എ. ബഷീർ എന്നിവരാണ് യുവതിയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് ആരെങ്കിലും പ്രേരിപ്പിച്ചാൽ വിവരം അറിയിക്കണമെന്നും ഇത്തരക്കാർക്കെതിരായ പോരാട്ടത്തിൽ സി.പി.എം ഉറച്ച പിന്തുണ നൽകുമെന്നും ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ അറിയിച്ചു.

# ബി.ഡി.ജെ.എസ് നേതാക്കളും പിന്തുണയുമായെത്തി

യുവതിക്കും കുട്ടികൾക്കും പിന്തുണയുമായി ബി.ഡി.ജെ.എസ് നിയോജക മണ്ഡലം നേതാക്കളും വീട്ടിലെത്തി. നിർബന്ധിത മത പരിവർത്തനത്തെ ശക്തമായി നേരിടുമെന്ന് പ്രസിഡന്റ് വിജയൻ നെടുമ്പാശേരി അറിയിച്ചു. ഭാരവാഹികളായ കെ.എൻ. വേലായുധൻ, വേണു നെടുവന്നൂർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി. ഹരിദാസ്, ജനറൽ സെക്രട്ടറി എം.പി. നാരായണൻകുട്ടി, മറ്റ് ഭാരവാഹികളായ സി.ഡി. ബാബു, എം.എൻ. ജയചന്ദ്രൻ, ടി.വി. പ്രസാദ്, വി.കെ. ഗോപാലൻ, ജിജി ആനാട്ടിൽ, സുനിൽ ഗോസെ, എൻ.ആർ. സുനിൽകുമാർ എന്നിവരും യുവതിക്ക് പിന്തുണയർപ്പിച്ച് വീട്ടിലെത്തി.